കീടനാശിനികളുടെ അനിയന്ത്രിത ഉപയോഗം; ഇടുക്കിയില്‍ അര്‍ബുദ രോഗികള്‍ കൂടുന്നു
തൊടുപുഴ: ജില്ലയില്‍ അര്‍ബുദ രോഗബാധിതരുടെ എണ്ണം പ്രതിവര്‍ഷം കൂടിവരികയാണെന്ന് ആരോഗ്യ സര്‍വേ. ഹൈറേഞ്ച് ഡെവലെപ്‌മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ ഐ.എഫ്.ഐ.എം ബംഗളൂരുവിലെ എം.ബി.എ വിദ്യാര്‍ഥികള്‍ നടത്തിയ ആരോഗ്യ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. കൃഷിയിടങ്ങളില്‍ രാസവളങ്ങളുടെയും കീടനാശിനികളും അനിയന്ത്രിത ഉപയോഗമാണ് ഇത്തരത്തിലുള്ള സ്ഥിതിവിശേഷത്തിലേയ്ക്ക് എത്തിച്ചത്.
മരിയാപുരം, വാത്തിക്കുടി എന്നീ രണ്ട് പഞ്ചായത്തുകള്‍ പ്രത്യേക പഠനത്തിനായി തെരഞ്ഞെടുത്തു. വാത്തികുടി പഞ്ചായത്തില്‍ 2011 -12 വര്‍ഷങ്ങളില്‍ 39 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പൊള്‍ 2015 -16 വര്‍ഷത്തില്‍ 67 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 2011 -12 വര്‍ഷത്തില്‍ 11 പേര്‍ അര്‍ബുദം ബാധിച്ച് മരിച്ചപ്പോള്‍ 2015 -16 ല്‍ 22 പേര്‍ മരിച്ചു.
കൃഷിയിടങ്ങളില്‍ അമിത രാസവളം - കീടനാശിനി പ്രയോഗം വായു, ജലം എന്നിവ വിഷലിപ്തമാക്കും. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളില്‍ ഇവയുടെ അംശം കാണപ്പെടുന്നതും വലിയ തോതില്‍ അര്‍ബുദ രോഗത്തിലേക്ക് നയിക്കും. പരമ്പരാഗത ഭക്ഷണക്രമങ്ങള്‍ ഉപേക്ഷിച്ച് രുചിക്കൂട്ടുകളും നിറക്കൂട്ടുകളും ചേര്‍ത്ത് ഉണ്ടാക്കുന്ന ഇന്‍സ്റ്റന്റ് ഫുഡില്‍ കൂടുതല്‍ ആശ്രയിക്കുന്നതും രോഗത്തിനിടയാക്കുമെന്നും സര്‍വേയില്‍ പറയുന്നു. സ്ത്രീകളില്‍ സ്താനാര്‍ബുദവും, പുരുഷന്മാരില്‍ ശ്വാസകോശ കാന്‍സറുമാണ് കൂടുതലായി കാണുന്നത്. കാന്‍സര്‍േ രാഗികളില്‍ സ്തീപുരുഷ അനുപാതം ഏതാണ്ട് തുല്യമാണ്.
കുട്ടികളിലും കാന്‍സര്‍ വ്യാപകമാകുന്നുണ്ട്. വ്യായാമക്കുറവ്, ലഹരി ഉപയോഗം ഇവയും രോഗം വര്‍ധിപ്പിക്കും. കാന്‍സറിന്റെ ലക്ഷണങ്ങള്‍ തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ കഴിയും. ഇതിന് സഹായകരമാകുന്ന രോഗനിര്‍ണയ കാംപുകള്‍ ഉള്‍പ്പെടെ ശക്തമായ ബോധവല്‍ക്കരണം വിവിധ തലങ്ങളില്‍ ഉണ്ടാകണം. സുരക്ഷിത ഭക്ഷണം എന്ന ആശയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടണം. ആവശ്യത്തിന് വ്യായാമം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാസവള കീടനാശിനി പ്രയോഗത്തില്‍ വലിയ നിയന്ത്രണം ഉണ്ടാകണമെന്നും നിരോധിക്കപ്പെട്ട മരുന്നുകളുടെ വിപണനം, ഉപയോഗം ഇവ കണ്ടെത്തി കര്‍ശനടപടി എടുക്കണമെന്നും ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഈ വലിയ വിപത്തിനെ ചെറുക്കാന്‍ സര്‍ക്കാര്‍ മത, സമുദായിക വേദികള്‍, സന്നദ്ധസംഘടനാ സംവിധാനങ്ങള്‍ എന്നിവയിലെല്ലാം വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, പ്രോഗ്രാം ഓഫീസര്‍ സിബി തോമസ്, കോര്‍ഡിനേറ്റര്‍ ബിനീഷ് കോട്ടൂര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."