നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസ് വനിതാ ജഡ്ജി തന്നെ പരിഗണിക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു.
കേസിലെ പ്രതിയായ അഭിഭാഷകന് രാജു ജോസഫിന്റെ വിടുതല്‍ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഹരജി നാളെ വീണ്ടും പരിഗണിക്കും.
പ്രതിയായ സുനില്‍ കുമാറിന് നിയമ സഹായം നല്‍കുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നുമാണ് രാജു ജോസഫിന്റെ വാദം. നേരത്തെ ഇതേ ആവശ്യവുമായി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളിയിരുന്നു.
അഭിഭാഷകന്റെ അധികാരത്തിനപ്പുറത്ത് പ്രതികള്‍ ഇടപെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. മുഖ്യപ്രതിയെ ഒളിപ്പിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
അതേസമയം, അന്വേഷണ സംഘത്തിന് നല്കിയ കുറ്റസമ്മത മൊഴി വിചാരണയില്‍ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്കി. അപേക്ഷ അടുത്ത മാസം ഒന്നിന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."