പുതുക്കിയ സാമൂഹിക പെന്‍ഷന്‍ മാനദണ്ഡം പുറത്തിറക്കി; നിരവധി പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല
കോഴിക്കോട്: സാമൂഹിക പെന്‍ഷനുള്ള പുതുക്കിയ മാനദണ്ഡം ധനവകുപ്പ് പുറത്തിറക്കിയപ്പോള്‍ പെന്‍ഷന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പേര്‍ ആശങ്കയില്‍. നിലവില്‍ 3.40 ലക്ഷം പേരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പെന്‍ഷനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ അപേക്ഷകള്‍ എന്‍ട്രി ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വീണ്ടും എന്‍ട്രി ചെയ്യാനുള്ള അനുമതി നല്‍കിക്കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവിലാണ് പെന്‍ഷനുള്ള പുതിയ ചില മാനദണ്ഡങ്ങള്‍ കൂടി കര്‍ശനമാക്കിയിരിക്കുന്നത്. സാമൂഹിക പെന്‍ഷന്‍ 1100 രൂപയായി വര്‍ധിച്ചതോടെ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ തള്ളിക്കയറിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. കുടുംബത്തിന് 1,200 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ളവരുടെയും 1,000 സി.സിക്കു മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ടാക്‌സിയല്ലാത്ത വാഹനങ്ങള്‍ ഉള്ളവരുടെയും പെന്‍ഷന്‍ അപേക്ഷ പരിഗണിക്കേണ്ടെന്ന കര്‍ശന നിര്‍ദേശമാണ് ധനവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആഡംബരവാഹനവും വലിയവീടുമുള്ളവര്‍ക്ക് സാമൂഹിക പെന്‍ഷന്‍ അനുവദിക്കില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. എന്നാല്‍ ചെറുകാറുകളുടെ ശ്രേണിയില്‍ തന്നെ പെടുന്ന 1000 സി.സിയ്ക്ക് മുകളിലുള്ള വാഹനങ്ങളെയെല്ലാം ആഡംബര വാഹന പട്ടികയില്‍ പെടുത്തിയതും 1,200 സ്‌ക്വയര്‍ഫീറ്റിനു മുകളിലുള്ള വീടുകളുള്ളവരെയും അര്‍ഹതാ മാനദണ്ഡത്തില്‍നിന്നു ഒഴിവാക്കിയതും നിരവധി പേര്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്.
അപേക്ഷകള്‍ സൂക്ഷമമായി പരിശോധിക്കാതെ അനര്‍ഹമായി പെന്‍ഷന്‍ അനുവദിക്കുകയാണെങ്കില്‍ അത്തരത്തില്‍ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ ഉത്തരവാദിയായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വിട്ടുവീഴ്ചയുമുണ്ടാകാനിടയില്ല. 42.14 ലക്ഷം പേര്‍ക്കാണ് നിലവില്‍ സാമൂഹിക പെന്‍ഷന്‍ നല്‍കുന്നത്. ഇതില്‍ നിരവധി പേര്‍ മരണപ്പെടുകയോ തിരോധാനം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. വിധവാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ കുറെ പേര്‍ പുനര്‍ വിവാഹവും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സാമൂഹിക പെന്‍ഷന്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഗുണഭോക്താക്കളുടെ യഥാര്‍ഥ വിവരം കിട്ടാന്‍ മഹിളാ പ്രധാന്‍, എസ്.എ.എസ് ഏജന്റുമാര്‍ വീടുകളില്‍ എത്തി പരിശോധന നടത്താനും ധനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകളില്‍ എത്തി ടാബുകളില്‍ വിവര ശേഖരണം നടത്തും. ടാബില്‍ ഗുണഭോക്താക്കളുടെ വിരലടയാളവും കൃഷ്ണമണിയുടെ വിവരവും ശേഖരിച്ച് ആധാറുമായി താരതമ്യപ്പെടുത്തി ഉറപ്പുവരുത്താനുള്ള സൗകര്യവുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."