ഭൂമി കൈയേറ്റം; ടോമി സ്‌കറിയയുടെ കുടുംബക്കാര്‍ക്കെതിരേ ലാന്റ് ബോര്‍ഡ് കേസ്
തൊടുപുഴ: ചിന്നക്കാനാലിലെ ഭൂമാഫിയക്കാരായ വെള്ളൂക്കുന്നേല്‍ കുടുംബത്തിനെതിരേ ലാന്റ് ബോര്‍ഡ് കേസെടുത്തു. വെള്ളൂക്കുന്നേല്‍ കുടുംബക്കാര്‍ കൈയേറ്റക്കാരല്ല എന്ന മന്ത്രി എം.എം മണിയുടെയും സി.പി.എം നേതാക്കളുടേയും പ്രചാരണം പൊളിച്ചുകൊണ്ടാണ് ലാന്റ് ബോര്‍ഡ് നടപടി. വെള്ളൂക്കുന്നേല്‍ കുടുംബക്കാര്‍ അനധികൃത ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് കേസ്. ഭൂ പരിഷ്‌ക്കരണ നിയമ പ്രകാരമാണ് ഉടുമ്പന്‍ചോല ലാന്റ് ബോര്‍ഡിന്റെ നടപടി.
2012 ജനുവരിയില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ ചുമതല വഹിച്ചിരുന്ന കെ.ബി വത്സലകുമാരി ഐ.എ.എസ് വെള്ളൂക്കന്നേല്‍ കുടുംബത്തിനെതിരെ നല്‍കിയ ഉത്തരവാണ് ഇപ്പോള്‍ കേസെടുക്കാന്‍ കാരണമായിരിക്കുന്നത്. ടോമി സ്‌കറിയക്കു പുറമേ ചിന്നക്കനാല്‍ സൂര്യനെല്ലി വെള്ളൂക്കുന്നേല്‍ സ്‌കറിയ ജോസഫ്, ഭാര്യ മേരി, ഇവരുടെ മക്കളും മരുമക്കളുമായ ജിജി, ബോബി, ജോസ്, ലിലു, ടോം, ടെസി ജിമ്മി, ബെറ്റാ ബോബി, ലിസാ ടോം, ഗ്രേയ്‌സി, റോസമ്മ എന്നിങ്ങനെ 13 പേരുടെ പേരിലാണ് കേസ്.
2017ന് നിലവില്‍ വന്ന ലാന്റ് ബോര്‍ഡില്‍ ഏഴ് അംഗങ്ങളാണുള്ളത്. ഡെപ്യൂട്ടി കലക്ടറാണ് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍. ഡെപ്യൂട്ടി തഹസീല്‍ദാറും ഉദ്യോഗസ്ഥ പ്രതിനിധിയായി ബോര്‍ഡിലുണ്ട്. ജനപ്രതിനിധികളായ ജി.എന്‍ ഗുരുനാഥന്‍, കെ.പി അനില്‍ (ഇരുവരും സി.പി.ഐ), പി.എം.എം ബഷീര്‍ (സി.പി.എം), സേനാപതി വേണു(കോണ്‍ഗ്രസ്), വി.എ കുഞ്ഞുമോന്‍ (എന്‍.സി.പി) എന്നിവരുള്‍പ്പെട്ട ബോര്‍ഡാണ് വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കൈവശമുള്ള ഭൂമി തിരിച്ച് പിടിക്കാന്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
പ്രതികളോട് ഹിയറിങിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിവില്‍ കോടതിയുടെ അധികാരമുള്ള ലാന്റ് ബോര്‍ഡ് വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതിയില്‍ മാത്രമേ നിയമപരമായി സാധിക്കൂ. ഹിയറിങ് നടക്കുന്നതിനിടെ കൈവശ ഭൂമിയിലെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയാല്‍ ഇത് സംബന്ധിച്ച് വേറെ കേസും വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."