അതിജീവന പോരാട്ടത്തിന്റെ സമരഭൂമിയില്‍ ജോയ്‌സ് ജോര്‍ജിന്റെ പര്യടനം
ചെറുതോണി : ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരേ ഉയര്‍ന്നുവന്ന അതിജീവന പോരാട്ടത്തിന്റെ സമരഭൂമികയില്‍ ജോയ്‌സ് ജോര്‍ജിന് വന്‍ വരവേല്‍പ്പ്്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കില്ലെന്ന കേന്ദ്രത്തിന്റെ ഉറപ്പ് വാങ്ങിയും 2013 നവംബര്‍ 13ലെ ഉത്തരവ് ഭേദഗതി ചെയ്ത് നിരോധനങ്ങള്‍ നീക്കിയും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന ജോയ്‌സ് ജോര്‍ജിനെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിയത്.
പൊതുപര്യടനത്തിന്റെ 14ാം ദിനം സ്വീകരണപരിപാടി രാവിലെ താന്നിക്കണ്ടത്തുനിന്നാണ് ആരംഭിച്ചത്. തുടര്‍ന്ന് വാത്തിക്കുടി പഞ്ചായത്തിലെ രാജമുടി, മുരിക്കാശ്ശേരി, തോപ്രാംകുടി, പ്രകാശ്, തങ്കമണി, മരിയാപുരം, ഇടുക്കി, കാഞ്ചിയാര്‍, ലബ്ബക്കട, സ്വരാജ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി രാത്രി 8ന് കട്ടപ്പനയില്‍ സമാപിച്ചു.
വന്‍ ജനാവലിയാണ് ഏറെ വൈകിയെത്തിയിട്ടും സമാപന കേന്ദ്രമായ കട്ടപ്പനയില്‍ കാത്തുനിന്നിരുന്നത്. താളമേളങ്ങളുടെയും വര്‍ണ്ണവൈവിദ്ധ്യങ്ങളുടെയും അകമ്പടിയോടെ ബൈക്ക് റാലിയും സ്ഥാനാര്‍ത്ഥിയുടെ ചിത്രം അടങ്ങിയ ടീ ഷര്‍ട്ട് ധരിച്ച യുവാക്കളും അടങ്ങിയ പര്യടന സംഘം പാതയോരങ്ങളില്‍ കാത്ത് നിന്നവര്‍ക്കും ആകര്‍ഷകമായി.
എല്‍.ഡി.എഫ് നേതാക്കളായ കെ.കെ ജയചന്ദ്രന്‍, ഗോപി കോട്ടമുറിക്കല്‍, മാത്യു വര്‍ഗ്ഗീസ്, സി.വി വര്‍ഗ്ഗീസ്, കെ.എസ്. മോഹനന്‍, റോമിയോ സെബാസ്റ്റ്യന്‍, എം.കെ പ്രിയന്‍, അനില്‍ കൂവപ്ലാക്കല്‍, സിജി ചാക്കോ, എന്‍ ശിവരാജന്‍, വി.ആര്‍ സജി, വി.ആര്‍ ശശി, സിനോജ് വള്ളാടി, സണ്ണി ഇല്ലിക്കല്‍, സി.എം അസീസ്, പി.കെ ജയന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."