കോക്കേഴ്‌സ് തീയേറ്റര്‍; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വൈരം ശക്തമാകുന്നു
കൊച്ചി: കൊച്ചി നഗരസഭയില്‍ ഭരണകക്ഷിയിലെ ഉള്‍പ്പോര് മറനീക്കി പുറത്തേക്ക്. മേയറുടെ നടപടികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുമായി ഐ ഗ്രൂപ്പ് രംഗത്തെത്തി. ഫോര്‍ട്ട്‌കൊച്ചിയില്‍ നഗരസഭയുടെ ഉടമസ്ഥതയിലുളള കോക്കേഴ്‌സ് തീയേറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള ആര്‍ജ്ജവം മേയര്‍ കാണിക്കുന്നില്ലെന്ന വിമര്‍ശനവുമായി (ഐ) വിഭാഗവും ഘടകകക്ഷിയായ മുസ്‌ലീംലീഗും ഇന്നലെ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബഹിഷ്‌കരിച്ചു. യു.ഡി.എഫിലെ 38 കൗണ്‍സിലര്‍മാരില്‍ 13 പേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. കോക്കേഴ്‌സ് തീയേറ്റര്‍ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് മേയര്‍ക്കെതിരെ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ് ഐ ഗ്രൂപ്പ്.നാലു മാസം മുന്‍പ് ഡി.സി.സി പ്രസിഡന്റ് കൂടിയായ ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദിന്റെ നേതൃത്വത്തിലുളള ഫിനാന്‍സ് കമ്മിറ്റി തീയേറ്റര്‍ ഏറ്റെടുക്കണമെന്ന് ശുപാര്‍ശ നല്‍കി. വിഷയം കൗണ്‍സിലില്‍ വന്നപ്പോഴും എത്രയുംപെട്ടെന്ന് തീയേറ്ററും 56 സെന്റ് സ്ഥലവും ഏറ്റെടുക്കണമെന്ന് വിനോദ് പറഞ്ഞു. എന്നാല്‍ നിയമോപദേശം വേണമെന്ന മുട്ടാപ്പോക്ക് പറഞ്ഞ് മേയര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്ന് ഐ പക്ഷത്തെ പ്രമുഖ നേതാവ് കുറ്റപ്പെടുത്തി. അഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ മേയര്‍ തങ്ങളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. സൈന്‍ബോര്‍ഡ് പ്രശ്‌നത്തിലും റെയില്‍വേ മേല്‍പ്പാലങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്ന വിഷയത്തിലും മേയര്‍ ഐക്കാരെ കുറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രധാന പരാതി.
നാലു മണിക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതായി ഇന്നലെ രാവിലെ പത്തു മണിക്കാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. മൂന്നു ദിവസം മുന്‍പ് യോഗത്തിന്റെ തീയതിയും അജണ്ടയും നല്‍കണമെന്നാണ് നിയമം. ടി.ജെ വിനോദ് ഉള്‍പ്പെടെയുളളവര്‍ സ്ഥലത്തില്ലെന്നറിഞ്ഞിട്ടും തിരക്കിട്ട് യോഗം വിളിച്ചതും പ്രതിഷേധത്തിന് ഇടയാക്കി.
കോക്കേഴ്‌സ് പ്രശ്‌നം തീര്‍പ്പാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രതിഷേധം നേരിടുമെന്ന പ്രതിപക്ഷ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജനറല്‍ കൗണ്‍സില്‍ ചേരുകയാണ്. മേയറോടുളള പ്രതിഷേധ സൂചകമായി സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാന്‍മാര്‍ ഉള്‍പ്പടെയുളളവര്‍ വിട്ടുനില്‍ക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."