കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കണ്ണൂര്‍: മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം എന്ജിന് തകരാര്‍ മൂലം പുറംകടലില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലിസ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെ ആയിക്കരയില്‍നിന്ന് പുറപ്പെട്ട ബോട്ട് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മാഹിയില്‍ അടുപ്പിച്ച് യാത്ര തുടര്‍ന്നെങ്കിലും എന്ജിന് പ്രവര്‍ത്തനം നിലച്ച് പുറംകടലില്‍ കുടുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികള്‍ വിവരമറിയിച്ചതോടെ കോസ്റ്റല്‍ പൊലിസും ഫിഷറീസ് അധികൃതരും സിറ്റി, എടക്കാട് സ്റ്റേഷനുകളിലെ പൊലിസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. കോസ്റ്റല്‍ പൊലിസിന്റെ ബോട്ട് കടല്‍ക്ഷോഭം കാരണം മത്സ്യത്തൊഴിലാളികളുടെ അടുത്തേക്ക് എത്തിക്കാനായില്ല. തുടര്‍ന്ന് ലൈഫ് ബോയ ഇട്ടുകൊടുത്താണ് അഞ്ചുപേരെയും ഏഴര കടപ്പുറത്തെത്തിച്ചത്. നീര്ച്ചാല് സ്വദേശികളായ ഹമീദ്, സുബൈര്‍, തമിഴ്നാട് സ്വദേശി ശെല്‍വം, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കണ്ണന്, തലശ്ശേരി ചാലില്‍ സ്വദേശി റസാഖ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിറ്റി സി.ഐ പ്രദീപന് കണ്ണിപ്പൊയില്‍, സിറ്റി എസ്.ഐ, കോസ്റ്റല്‍ എസ്.ഐ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."