അശാസ്ത്രീയ മത്സ്യബന്ധനം; കടല്‍ ജൈവവൈവിധ്യം ഭീഷണിയില്‍
വിനയന്‍ പിലിക്കോട്
ചെറുവത്തൂര്‍: അശാസ്ത്രീയമായ മത്സ്യബന്ധനത്തിന്റെ ദുരിതം പേറി കടല്‍ ജൈവവൈവിധ്യം ഭീഷണിയില്‍. വംശനാശ ഭീഷണി നേരിടുന്ന കടലാമകള്‍ ഉള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങള്‍ക്കാണ് ചൂണ്ട വലക്കാര്‍ ഉപേക്ഷിക്കുന്ന വലയില്‍ കുടുങ്ങി ജീവന്‍ നഷ്ടമാകുന്നത്. കടലില്‍ ഉപേക്ഷിച്ച വലയില്‍ കുടുങ്ങി ജീവനായി പിടഞ്ഞ ഏഴുകടലാമകള്‍ക്ക് പുനര്‍ജന്മം നല്‍കിയ മത്സ്യത്തൊഴിലാളികള്‍ പറയുന്നത് വലക്കുരുക്കില്‍ പിടയുന്ന ജീവികളുടെ ദൈന്യത. തൈക്കടപ്പുറത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞ ദിവസം ഒലിവ് റെഡ്‌ലി റെഡ്‌ലി, ഹോക്‌സ് ബില്‍ വിഭാഗങ്ങളില്‍ പെട്ട കടലാമകളുടെ രക്ഷകരായത്. കന്യാകുമാരിയില്‍നിന്നും മറ്റുമെത്തുന്ന ചൂണ്ടവലക്കാര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് വലകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍ എന്നിവയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ആമകള്‍. പലതിനും പരുക്ക് പറ്റിയ നിലയിലായിരുന്നു.
കാലുകളിലും മറ്റും കുടുങ്ങികിടന്ന വലകള്‍ ഏറെ നേരത്തെ ശ്രമഫലമായാണ് മലബാര്‍ വള്ളത്തില്‍ ഉണ്ടായിരുന്ന തൊഴിലാളികളായ ബാബു, ഷാജി, സജീവന്‍, ഗണേശന്‍, പ്രകാശന്‍, രമേശന്‍, സജേഷ്, സുജിത്ത്, അഗിലേഷ്, രഘു, വിമലന്‍, സുരേഷന്‍,രാജീവന്‍ എന്നിവര്‍ ചേര്‍ന്നുമുറിച്ചു മാറ്റിയത്. പ്ലാസ്റ്റിക് കുപ്പികള്‍,പഴയ വലകള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവയെല്ലാം ഉപയോഗിച്ച് കൃത്രിമ തുരുത്തുകള്‍ ഉണ്ടാക്കുന്നതാണ് ചൂണ്ടവലക്കാരുടെ രീതി.
ഇത്തരം വസ്തുക്കള്‍ മത്സ്യബന്ധനത്തിനു ശേഷം കടലില്‍ ഉപേക്ഷിക്കുന്നു. ഇത്തരത്തില്‍ ടണ്‍കണക്കിന് വലകളും മറ്റും കടലില്‍ നിറഞ്ഞിരിക്കുകയാണെന്നും ഇവയില്‍ കുടുങ്ങി കൂട്ടത്തോടെ ആമകള്‍ ചത്തൊടുങ്ങിയ ദയനീയകാഴ്ചകള്‍ കടലില്‍ പതിവാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
നെയ്തല്‍ പരിസ്ഥിതി സംഘടനയുടെ കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തൈക്കടപ്പുറത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇത്തരത്തില്‍ അപകടത്തില്‍ പെടുന്ന ആമകളെ രക്ഷിക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീര്‍ തൈക്കടപ്പുറം പറയുന്നു. കരയിലേക്ക് മുട്ടയിടാന്‍ വരുന്ന നിരവധി ആമകളും വലയില്‍ കുടുങ്ങുന്നുണ്ട്. ഈ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിനു തന്നെ കടുത്ത ഭീഷണിയായി മാറുകയാണ് ചൂണ്ടവലകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."