വേനലിലും വറ്റാതെ കയ്പമംഗലത്തെ 'ഓട്ടുകുളം'
കയ്പമംഗലം: കൊടും വേനലിലും വറ്റാതെ പെരിഞ്ഞനത്തെ 'ഓട്ടുകുളം' കൗതുകമാവുന്നു. പെരിഞ്ഞനം സ്വദേശി അഡ്വ. കെ.പി രവിപ്രകാശാണ് പുളിഞ്ചോടിനു പടിഞ്ഞാറ് സ്വന്തമായി വാങ്ങിയ 24 സെന്റ് ഭൂമിയില്‍ പൊതു ഉപയോഗത്തിനായി കുളം നിര്‍മിച്ചത്.
കഴിഞ്ഞ വേനല്‍ക്കാലത്താണ് പഴകിയ ഓടുകള്‍ കൊണ്ട് കുളം കെട്ടുന്നതിനെ കുറിച്ചുള്ള ആലോചനയുണ്ടായത്. ചേലക്കര സ്വദേശി സതീഷ് ഓടുകള്‍ കൊണ്ട് നിര്‍മിച്ച ഒരു കുളത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ കണ്ടതോടെയായിരുന്നു അത്. നാട്ടുകാര്‍ മാലിന്യം തള്ളാന്‍ ഉപയോഗിച്ചിരുന്ന കുളം ആദ്യമായി അഞ്ചു സെന്റ് സ്ഥലത്തേക്ക് വിസ്താരപ്പെടുത്തി. ശേഷം 30,000 ത്തോളം ഓടുകള്‍ തച്ചുശാസ്ത്ര പ്രകാരം അടുക്കിവെച്ച് ഭിത്തി നിര്‍മിച്ചു.
ഉപയോഗമില്ലാത്ത ഓടുകള്‍ ഒന്നര രൂപ മുതല്‍ അഞ്ചു രൂപ വരെ നല്‍കിയാണ് സംഘടിപ്പിച്ചത്. ജലത്തിന്റെ ഉറവകള്‍ക്ക് തടസമില്ലാതെ ഒഴുകാന്‍ കഴിയും എന്നതാണ് ഓടുഭിത്തിയുടെ ഏറ്റവും വലിയ പ്രത്യേകത. കുളത്തില്‍ സ്വാഭാവികമായി രൂപപ്പെടുന്ന പായലുകള്‍ ഓടുകള്‍ വലിച്ചെടുക്കും എന്ന ഗുണവുമുണ്ട്. കുളിക്കാനും പ്രാഥമികാവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന കുളം പ്രദേശത്തെ കുട്ടികളുടെ ഇഷ്ടപ്പെട്ട സന്ദര്‍ശന കേന്ദ്രമാണ്.
കുളത്തിന്റെ മധ്യഭാഗത്ത് ഇപ്പോഴും അഞ്ചര അടി താഴ്ചയില്‍ വെള്ളമുണ്ട്. നാട്ടുകാര്‍ക്കായി ഒരു റെഫറന്‍സ് ലൈബ്രറി നിര്‍മിക്കാനായാണ് ഈ സ്ഥലം വാങ്ങിയത്. വായനക്കാര്‍ക്ക് സ്വച്ഛമായ പ്രകൃതിയില്‍ ഇരുന്നു വായിക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യം കൂടി ഇതോടൊപ്പം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. ഗ്രന്ഥപ്പുര എന്നു പേരിട്ടിരിക്കുന്ന വായനശാല 3,000 ത്തിലധികം പുസ്തകങ്ങളുടെ കലവറ കൂടിയാണ്. ഉപയോഗശൂന്യമായ വസ്തുക്കള്‍ വലിച്ചെറിയാന്‍ ഉപയോഗിക്കുന്ന കുളം ഉപയോഗമില്ലാത്ത വസ്തുക്കള്‍ കൊണ്ടു തന്നെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തതതെന്നും ഇതിനായി നാലര ലക്ഷം രൂപ ചെലവായെന്നും രവിപ്രകാശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."