ഓണ്‍ലൈന്‍ ക്ലാസിലൂടെ സഞ്ചരിച്ച് പഠിക്കാം: വെറും 75 ഗ്രാം ഭാരമുള്ള ജിയോ ഗ്ലാസിന്റെ വിശേഷങ്ങള്‍
കൊവിഡ് പശ്ചാത്തലത്തില്‍ ലോകം മൊത്തം ഓണ്‍ലൈന്‍ രംഗത്തേക്ക് മാറിയിരിക്കുകയാണ്. ഇപ്രാവശ്യത്തെ റിലയന്‍സ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നതും ഓണ്‍ലൈനിലൂടെയാണ്. ഒപ്പം പുതിയ കാലത്തെ ലക്ഷ്യംവച്ചുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളും ഈ യോഗത്തിലുണ്ടായി. അതില്‍ ശ്രദ്ധേയമായതാണ് ജിയോ ഗ്ലാസിന്റെ അവതരണം.
വീഡിയോ കോളിങ്, 3 ഡി ക്ലാസ് റൂം എന്നിവ സാധ്യമാക്കുന്ന സാധാരണ പോലെ കണ്ണില്‍ വയ്ക്കാവുന്ന ഗ്ലാസാണ് ജിയോ ഗ്ലാസ്. ഭാരം വെറും 75 ഗ്രാം. റിയാലിറ്റി വീഡിയോ മീറ്റിങ്ങുകള്‍ക്ക് മികവേകാന്‍ 25 ആപ്ലിക്കേഷനുകള്‍ ജിയോ ഗ്ലാസിലുണ്ട്.
3 ഡി കോളിങ്, 3 ഡി വെര്‍ച്വല്‍ ക്ലാസ് റൂം, തത്സമയ ഹോളോഗ്രാഫിക് ക്ലാസ് എന്നീ സൗകര്യങ്ങളാണ് ജിയോ ഗ്ലാസ് വാഗ്ദാനം ചെയ്യുന്നത്. കോണ്‍ഫറന്‍സ് കോളിലൂടെ ക്ലാസ് നയിക്കാനാവും.
ഗ്ലാസ് വച്ചുള്ള കോളിങ് ക്ലാസിനിടെ വെര്‍ച്വല്‍ ഫ്രെയിമുകള്‍ നിര്‍മിക്കാനും പ്രേസന്റേഷനുകള്‍ പങ്കുവയ്ക്കാനുമാവും. ത്രി ഡി പ്രസന്റേഷനുകളുടെ സഹായത്തോടെ അവതരണ വിഷയത്തിലെ ചിത്രങ്ങളും മറ്റും ത്രിഡിയായി കാണിക്കാനുമാവും.
പ്ലാസ്റ്റിക്കില്‍ നിര്‍മിതമായ ഫ്രെയിമാണ് ജിയോ ഗ്ലാസിന്. രണ്ട് ലെന്‍സുകള്‍ക്കിടയില്‍ മധ്യത്തിലായി ഒരു ക്യാമറയുണ്ട്. ലെന്‍സുകള്‍ക്ക് പുറകിലായാണ് മിക്‌സഡ് റിയാലിറ്റിക്കു വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഗ്ലാസിന്റെ രണ്ട് കാലുകളിലും സ്പീക്കറുകളുമുണ്ട്. എല്ലാ തരം ശബ്ദ ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യുന്ന സ്പീക്കറില്‍ എച്ച്.ഡി ഗുണമേന്മയുള്ള ശബ്ദവും കേള്‍ക്കാം.
ഹോളോഗ്രാഫിക് വീഡിയോ കോള്‍ സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഇതിലൂടെ ഫോണ്‍ വിളിക്കുന്നയാള്‍ക്ക് അയാളുടെ ത്രിമാന (3ഡി) രൂപത്തില്‍ സുഹൃത്തുക്കളോട് സംസാരിക്കാനാവും. അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള വെര്‍ച്വല്‍ അസിസ്റ്റന്റുകളുടെ സഹായത്തോടെ ശബ്ദംനിര്‍ദേശങ്ങളും സാധ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."