തൃശൂര്‍ പൂരം: ഹെലികാം നിരോധിച്ചു
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഭാഗമായി ഏപ്രില്‍ 29 മുതല്‍ മെയ് ആറു വരെ ഹെലികാം നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന മാധ്യമ പ്രതിനിധികള്‍, പൂരകമ്മിറ്റി പ്രതിനിധികള്‍, പൊലിസ് പ്രതിനിധികളുടെ സംയുക്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രപരിസരത്തും ആനകള്‍ നില്‍ക്കുന്ന സ്ഥലത്തും ഹെലികാം ഉപയോഗിക്കരുത്. കൂടാതെ ജിബ് ക്യാമറകളും നിരോധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യത്തോടെ മൂന്നു നിലകളിലുളള പ്‌ളാറ്റ്‌ഫോമാണ് ഈ വര്‍ഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.
മാധ്യമങ്ങള്‍ക്കു നല്‍കുന്ന പ്‌ളാറ്റ് ഫോം സിനിമാഷൂട്ടിങ്ങിന് അനുവദിക്കില്ല. ഇലഞ്ഞിത്തറമേളം എല്‍.ഇ.ഡി ഡിസ്‌പ്ലേയുടെ സഹായത്തോടെ കാണികളിലെത്തിക്കാനുളള സൗകര്യം ഒരുക്കും. വെടിക്കെട്ട് നടക്കുന്ന 100 മീറ്റര്‍ പരിധിയില്‍ ആരെയും നില്‍ക്കാന്‍ അനുവദിയ്ക്കില്ല. അമിതശബ്ദമുണ്ടാകുന്ന വിസിലുകളുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. മെയ് 5, 6 തീയതികളില്‍ ഹെലികോപറ്ററും പൂരനഗരിയില്‍ നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ പൊലിസ്, വിവിധ വകുപ്പു മേധാവികള്‍, പൂരം കമ്മിറ്റി പ്രതിനിധികള്‍, മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."