കെ.എസ്.ആര്.ടി.സിയില്‍ ഭരണകക്ഷി നേതാവിന് അനുകൂലമായി സ്ഥലംമാറ്റം
കാസര്‍കോട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കെ.എസ്.ആര്.ടി.സിയില്‍ ഭരണകക്ഷിനേതാവിന് അനുകൂലമായി സ്ഥലംമാറ്റം നടത്തിയതായി ആരോപണം. ഭരണകക്ഷി നേതാവിനെ ചട്ടം ലംഘിച്ച് സ്ഥലംമാറ്റിയ നടപടി അന്വേഷിക്കണമെന്ന് കെ.എസ്.ആര്.ടി.സി. വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി.) യോഗം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
കെ.എസ്.ആര്.ടി.സിയില്‍ ഓരോ ഡിപ്പോയിലും യൂനിറ്റിലെ സീനിയറായ ജീവനക്കാരെ വിവിധ യൂനിറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുദിവസങ്ങള്ക്ക് മുന്‍പ് സ്ഥലംമാറ്റിയിരുന്നു. വര്‍ക്ക് അറേഞ്ച്മെന്റിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ ഓരോ ഡിപ്പോയിലും സ്ഥലം മാറ്റിയിരുന്നത്.
ഈ സ്ഥലംമാറ്റ ഉത്തരവു പ്രകാരം 75 സിംഗിള്‍ ഡ്യൂട്ടി ചെയ്യണമെന്നാണ് പ്രധാന നിബന്ധന. ജില്ലയില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരി 21ന് 20 ജീവനക്കാരെ കാഞ്ഞങ്ങാട് സബ് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ 75 സിംഗിള്‍ ഡ്യൂട്ടിപോലും ചെയ്യാത്ത ഭരണകക്ഷി നേതാവിനെ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് ഏപ്രില്‍ മൂന്നിന് കാസര്‍കോട് യൂനിറ്റിലേക്ക് വീണ്ടും സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലംമാറ്റിയിരിക്കുകയാണ്. ഭരണകക്ഷി യൂനിയന്റെ ഭാരവാഹിയേക്കാളും സീനിയറായ ജീവനക്കാര്‍ ഇപ്പോഴും മറ്റുഡിപ്പോകളില്‍ ജോലി ചെയ്തുവരുമ്പോള്‍ യൂനിറ്റ് ഭാരവാഹിയെ യാതൊരു മാനദണ്ഡവുമില്ലാതെ കാസര്‍കോട്ടേക്ക് വീണ്ടും സ്ഥലംമാറ്റിയ നടപടി അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യൂനിറ്റ് പ്രസിഡന്റ് കെ.എം കൃഷ്ണ ഭട്ട് അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി പി.വി ഉദയകുമാര്‍, യൂനിയന്‍ സെക്രട്ടറി വി. ഗോപാലകൃഷ്ണ കുറുപ്പ്, എം.എ ജലീല്‍, പി.ടി രഞ്ജിത്ത്, എ.കെ അസീസ്, കെ. കുഞ്ഞമ്പു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."