എട്ടുവര്‍ഷം കൊണ്ട് നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്ത് 29ാം ദിവസം തകര്‍ന്നു; ബിഹാറിലെ പാലത്തിന്റെ നിര്‍മാണച്ചെലവ് 263.47 കോടി
ഗോപാല്‍ഗഞ്ച്: എട്ടു വര്‍ഷം കൊണ്ട് നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്ത് 29ാം ദിവസം തകര്‍ന്നു. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ഗന്ധക് നദിക്ക് കുറുകെ നിര്‍മിച്ച പാലമാണ് തകര്‍ന്നുവീണത്. 263.47 കോടിയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്.
പാലം ബന്ധിപ്പിച്ചിരുന്ന റോഡിന് വെള്ളത്തിന്റെ ഒഴുക്ക് താങ്ങാന്‍ കഴിയാതിരുന്നതാണ് തകരാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണതിനെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറായി ബിഹാറില്‍ കനത്ത മഴയാണ് ലഭിക്കുന്നത്.
എട്ടുവര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച 1.4 കിലോമീറ്റര്‍ ദൂരമുള്ള സത്തര്‍ഘട്ട് പാലം ജൂണ്‍ 16നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തത്.
അതേസമയം ഇത്രയും വലിയ തുക മുടക്കി നിര്‍മിച്ച പാലം പൊളിഞ്ഞുവീണതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. 263 കോടി മുടക്കി എട്ടുവര്‍ഷം കൊണ്ട് നിര്‍മിച്ച പാലത്തിന് 29 ദിവസം മാത്രമായിരുന്നു ആയുസെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ അഴിമതിയാണ് പുറത്തുവരുന്നതെന്നും ബിഹാര്‍ മുഴുവന്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."