മാവിലാക്കടപ്പുറം പുലിമുട്ടില്‍ വ്യാപക മണലൂറ്റ്; നടപടിയില്ലെന്ന് ആക്ഷേപം
തൃക്കരിപ്പൂര്‍: വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറം ഒരിയര പുലിമുട്ട് മേഖലയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ വ്യാപകമായ മണലൂറ്റ്. തീരപ്രദേശങ്ങളെ കടലാക്രമണ ഭീഷണിയില്‍നിന്ന് സംരക്ഷിക്കുന്നതിനുവേണ്ടിയാണ് കോടികള്‍ മുടക്കി പുലിമുട്ടുകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ പുലിമുട്ടിനെ തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് അനധികൃത മണല്‍ ശേഖരണം.
കടലിനും കായലിനും മധ്യേയുള്ള പ്രദേശത്ത് നടത്തുന്ന അനിയന്ത്രിതമായ മണലൂറ്റ് ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അര്‍ധരാത്രി അനേകം വഞ്ചികള്‍ ഇതിനായി ഇവിടെ എത്തി പുലര്‍ച്ചെ വരെ മണലൂറ്റും. യന്ത്രവല്‍കൃത വഞ്ചി ഉപയോഗിച്ചോ കൊല്ലിവല പ്രയോജനപ്പെടുത്തിയോ മണലൂറ്റരുതെന്ന കര്‍ശന നിര്‍ദേശം കാറ്റില്‍ പറത്തിയും കരയില്‍നിന്ന് നിശ്ചിത അകലം പാലിച്ച് മണ്ണെടുക്കണമെന്ന നിയമം ലംഘിച്ചുമാണ് മണലൂറ്റ് നടക്കുന്നത്. പുലിമുട്ട് പദ്ധതി പരിസരത്തെ മണലൂറ്റ് പരിസ്ഥിതി ആഘാതത്തിനു കാരണമായിട്ടുണ്ട്. വീടുകള്‍ കരയിടിച്ചില്‍ ഭീഷണിയില്‍ പെട്ടിട്ടുണ്ട്.
മാവിലാക്കടപ്പുറം റോഡ് പാലത്തിന്റെ ആയുസും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മത്സ്യസമ്പത്തിനും കാര്യമായ നാശമുണ്ട്. സമീപഭാവിയില്‍ ദ്വീപിന്റെ ഒരു ഭാഗം തന്നെ ഇല്ലാതാകുമെന്ന ആശങ്കയുമുണ്ട്. മണലൂറ്റുകാരും നാട്ടുകാരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യവും ഉടലെടുത്തിത്തിട്ടുണ്ട്. എന്നാല്‍ പരിസ്ഥിക്ക് കോട്ടം തട്ടുന്ന തരത്തിലുളള മണലെടുപ്പ് ശ്രദ്ധയില്‍ പെട്ടിട്ടും പരിസ്ഥിതിവാദികള്‍ പോലും ഇടപെടല്‍ നടത്തുന്നില്ല.
അനധികൃത മണലെടുപ്പ് തടയുന്നതിന് പഞ്ചായത്തിലെ ജനങ്ങളെ പങ്കെടുപ്പിച്ച് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി കര്‍മ സേന രൂപീകരിച്ചിരുന്നുവെങ്കിലും അത് ഫലം കാണുന്നില്ല. ദിവസവും അന്‍പതിലേറെ വള്ളങ്ങളില്‍ മണിക്കൂറുകളോളം മണലൂറ്റുന്നത് ശക്തമായ തിരമാലകളെ പ്രതിരോധിക്കാന്‍ ശേഷിയില്ലാതെപുലിമുട്ട് തന്നെ ഇല്ലാതാകുന്ന ദുരന്തമാണ് വലിയപറമ്പിനെ കാത്തിരിക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."