വെളിമണ്ണ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്കി
മുക്കം: ഭിന്നശേഷി വിദ്യാര്‍ഥിയായ ഓമശ്ശേരി വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിമിന്റെ വിദ്യാഭ്യാസ മോഹങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രഹരം. വെളിമണ്ണ യു.പി സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്കി. വിധിക്കെതിരേ അപ്പീല്‍ പോകാനുള്ള അവസാന ദിവസമായ ഇന്നലെയാണു സര്‍ക്കാര്‍ നാടകീയമായി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. ഇതു വലിയ ദുരൂഹതകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.
സ്കൂള്‍ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട് പരിഗണനയ്ക്കു വന്ന 133ല്‍ 132ഉം തള്ളിയപ്പോഴാണു കഴിഞ്ഞമാസം 12ന് ആസിമിനു വേണ്ടി വെളിമണ്ണ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. വെളിമണ്ണ യു.പി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തണമെന്ന ആസിമിന്റെയും സ്കൂള്‍ ആക്ഷന്‍ കമ്മിറ്റിയുടെയും ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ അനുകൂല വിധി.
ഒരാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി അന്നു സര്‍ക്കാരിനു നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍ ഉത്തരവു വന്ന് മാസമായിട്ടും കാര്യമായ നീക്കങ്ങളൊന്നും നടത്താത്ത സര്‍ക്കാര്‍ ഇന്നലെ ആസിമിന്റെ മോഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."