ജില്ലയില്‍ ശക്തമായ മഴ തുടരുന്നു; കക്കയം ഡാമിനു സമീപം പോകരുത്
കോഴിക്കോട്: ജില്ലയില്‍ കനത്തമഴ തുടരുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കൂറില്‍ കോഴിക്കോട്ട് 4.5 സെ.മീറ്ററും വടകരയില്‍ 6.3 സെ.മീറ്ററും മഴ ലഭിച്ചു. കിഴക്കന്‍ മേഖലകളിലാണു കനത്തമഴ പെയ്യുന്നത്.
മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. സമസ്ത മദ്‌റസകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചുരം റോഡില്‍ ഇന്നു രാവിലെ മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. തുടര്‍ച്ചയായ മഴ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കക്കയം ഡാം തുറന്നതിനാല്‍ ജനങ്ങള്‍ ഡാമിനു സമീപം പോകരുത്.
ജില്ലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രിസമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം.
ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."