ചങ്കുവെട്ടി-സ്വാഗതമാട് പാതയില്‍ ഡിവൈഡര്‍ നിര്‍മാണം അന്തിമഘട്ടത്തില്‍
കോട്ടക്കല്‍: ദേശീയപാത ചങ്കുവെട്ടി മുതല്‍ സ്വാഗതമാട് വരെയുള്ള ഭാഗങ്ങളിലെ ഡിവൈഡര്‍ നിര്‍മാണം അന്തിമഘട്ടത്തില്‍. റോഡ് നവീകരണത്തിന്റെ ഭാഗമായി നാലുവരിപ്പാതയാക്കിയെങ്കിലും ഡിവൈഡറുകള്‍ ഇല്ലാത്തതിനാല്‍ ഇവിടെ അപകടം പതിവായിരുന്നു. തുടര്‍ന്ന് അടിയന്തിര പ്രധാന്യത്തോടെയാണ് ഡിവൈഡറുകളുടെ നിര്‍മാണം ആരംഭിച്ചത്.
നഗരസഭയുടെ പ്രത്യേക താല്‍പര്യപ്രകാരം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നാലുവരിപ്പാത നിര്‍മാണത്തിനു തുക ലഭിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടും ഡിവൈഡര്‍ നിര്‍മിക്കാത്തതിനാല്‍ വാഹനങ്ങള്‍ തോന്നിയ പോലെ ഓടുന്നത് അപകടത്തിന് ഇടയാക്കിയിരുന്നു. പാത നിര്‍മാണം നടന്ന് ദിവസങ്ങള്‍ക്കിടെ ചെറുതും വലുതുമായി ഏഴോളം അപകടങ്ങളാണ് സംഭവിച്ചത്. നാല് പേര്‍ അപകടത്തില്‍ മരിക്കുകയും ചെയ്തു.
ഇതോടെ നാട്ടുകാര്‍ പ്രതിഷേധത്തിനിറങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് നഗരസഭാധ്യക്ഷന്റെ നേതൃത്വത്തില്‍ ജില്ലാ പൊലിസ് മേധാവി, ദേശീയപാത അതോറിറ്റി, ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ സംയുക്ത ചര്‍ച്ചയില്‍ ഡിവൈഡര്‍ നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡിവൈഡറുകളുടെ ഇരുവശങ്ങളിലും റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കുന്ന ജോലി ഉടന്‍ ആരംഭിക്കും. മതിയായ സൂചനാ ബോര്‍ഡുകളും മേഖലയില്‍ സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."