നഗരസഭക്ക് നാണക്കേടായി കൗണ്‍സിലര്‍മാര്‍; ജനരോഷം ശക്തമാകുന്നു
പൊന്നാനി: നഗരസഭാ കാര്യാലയത്തില്‍ തെറി വിളിച്ചും കൂകി വിളിച്ചും പരസ്പരം അടിച്ചും കൗണ്‍സിലര്‍മാര്‍ നടത്തിയ ആക്രമണത്തിനെതിരേ ജനരോഷം ഉയരുന്നു.
ഇരുപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ടാണ് പൊതുജനങ്ങള്‍ കൗണ്‍സിലര്‍മാരുടെ നിലപാടിനെ എതിര്‍ക്കുന്നത്. ഭരണപക്ഷത്തില്‍ പെട്ട സി.പി.എം കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷത്തിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ന്യായീകരിക്കാന്‍ പോലും കഴിയാതെ കുഴങ്ങുകയാണ് ഭരണസമിതി. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇവര്‍ക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കൗണ്‍സിലര്‍മാര്‍ക്കെതിരേ നിയമ പ്രകാരം അച്ചടക്ക നടപടിയെടുക്കാന്‍ കഴിയില്ലെങ്കിലും ഇവര്‍ക്കെതിരേ അതത് പാര്‍ട്ടികള്‍ അച്ചടക്കനടപടിയെടുക്കണമെന്നാണ് പൊതുജനത്തിന്റെ നിലപാട്. വിഷയത്തില്‍ ഭരണകക്ഷിയില്‍പെട്ട സി.പി.ഐ, സി.പി.എമ്മിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ആക്രമണം നടക്കുമ്പോള്‍ വനിതാ കൗണ്‍സിലര്‍മാര്‍ ഞെട്ടലോടെ മാറിനില്‍ക്കുന്നത് വിഡിയോയില്‍ കാണാമെങ്കിലും പരുക്കേറ്റവരുടെ പേരില്‍ രണ്ടു പക്ഷവും രണ്ട് വനിതകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭരണപക്ഷത്തെ പരമാവധി പ്രകോപിപ്പിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നാണ് ചെയര്‍മാന്റെ നിലപാട്. പൊന്നാനിയെ നാണം കെടുത്തിയ കൗണ്‍സിലര്‍മാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലുള്‍പ്പടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. അതിന്റെ ഭാഗമാണ് ഇന്നലത്തെ ഹര്‍ത്താലിലെ വിജയവും. ഇതിനുമുമ്പും പൊന്നാനി നഗരസഭയില്‍ ഇരുപക്ഷവും തര്‍ക്കവും വെല്ലുവിളിയും നടക്കാറുണ്ടെങ്കിലും പരസ്പരമുള്ള അടിപിടി ഇതാദ്യമാണ്. സി.പി.എമ്മിന് 26 കൗണ്‍സിലര്‍മാരാണുള്ളത്. യു.ഡി.എഫിന് ആകെയുള്ളതാകട്ടെ 16ഉം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."