ജലക്ഷാമത്തിനിടെ മഞ്ഞപ്പിത്തവും ; വാഹനങ്ങളിലെത്തിക്കുന്ന വെള്ളം ശ്രദ്ധിച്ച് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ്
തിരൂര്‍: കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ജലവിതരണം നടത്തുന്നതിനിടെ മഞ്ഞപ്പിത്തബാധ വ്യാപകമാകുന്നു.
പുഴകളും കുളങ്ങളും അടക്കമുള്ള സ്രോതസുകളില്‍ നിന്നുള്ള ജലലഭ്യത തീരെ കുറഞ്ഞതോടെ ലഭ്യമാകുന്ന മേഖലകളില്‍ നിന്നാണ് നിലവില്‍ കുടുംബങ്ങള്‍ക്കാവശ്യമായ ജലമെത്തിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കരാര്‍ നല്‍കിയ വ്യക്തികളാണ് വാഹനങ്ങളില്‍ ജലവിതരണം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ജലം ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്കുറവ് കാരണം മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പിടിപെടാനിടയാക്കുന്നത്.
ജലലഭ്യത തീരെ കുറഞ്ഞ കാലയളവായതിനാല്‍ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വാഹനങ്ങളിലെത്തിക്കുന്ന ജലം വാങ്ങി ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാലിതൊന്നും ഗൗനിക്കാതെ ജലം ഉപയോഗിക്കുന്നതാണ് രോഗബാധ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്.
ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ജലവിതരണത്തിലെയും ഉപയോഗത്തിലെയും മുന്‍കരുതലുകള്‍ ഇല്ലാതെ പോകുന്നതാണ് മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വീണ്ടും തലപ്പൊക്കാന്‍ പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."