എ.ഡി.ജി.പിയുടെ മകള്‍ക്കെതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി
കൊച്ചി:എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ പൊലിസ് അന്വേഷണം നടത്തട്ടെയെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്‌നിഗ്ധയുടെ ഹരജി ഗവാസ്‌കറുടെ ഹരജിക്കൊപ്പം കേള്‍ക്കാനായി ഏത് ബഞ്ച് വേണമെന്ന് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.
ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തി, മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് സ്‌നിഗ്ധക്കെതിരേ ചുമത്തിയത്. ഗവാസ്‌കറെ മനഃപൂര്‍വം ആക്രമിച്ചിട്ടില്ലെന്നും സ്വയം രക്ഷയ്ക്കു വേണ്ടി പിടിച്ചു തള്ളിയതാണെന്നുമാണ് സ്‌നിഗ്ധയുടെ വാദം.
സ്‌നിഗ്ധ മര്‍ദ്ദിച്ചെന്ന ഗവാസ്‌കറുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാണ് ഹരജിക്കാരി ഹൈക്കോടതിയിലെത്തിയത്. ഗവാസ്‌കറിന്റെ പെരുമാറ്റവും ശരിയല്ലെന്ന് പിതാവിനോടു പരാതി പറഞ്ഞിരുന്നു. പ്രഭാത സവാരിക്കുപോയി കാറില്‍ തിരിച്ചുവരുന്ന വഴി, പരാതി പറഞ്ഞതിലുള്ള ദേഷ്യം നിമിത്തം ഗവാസ്‌കര്‍ ഉച്ചത്തില്‍ വഴക്കു പറയാന്‍ തുടങ്ങി. ഡ്രൈവറുടെ പെരുമാറ്റം അസഹ്യമായതോടെ കാറില്‍ നിന്നിറങ്ങിയ അമ്മ ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങാമെന്ന് പറഞ്ഞു. ഈ സമയം കാറില്‍ മറന്നു വച്ച ഐ പോഡ് എടുക്കാന്‍ മുന്‍ ഡോര്‍ തുറന്ന തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ഗവാസ്‌കര്‍ കൈയില്‍ കടന്നു പിടിച്ച് കാറിലേക്ക് വലിച്ചിട്ട് അസഭ്യം പറഞ്ഞു. ഭയന്നു പോയ താന്‍ ഡ്രൈവറുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശക്തിയായി തള്ളിമാറ്റി. ഗവാസ്‌കര്‍ കോപത്തോടെ കാര്‍ മുന്നോട്ടെടുത്തപ്പോള്‍ മുന്‍ ചക്രം തന്റെ ഇടതു പാദത്തിലൂടെ കയറിയിറങ്ങിയെന്നും തുടര്‍ന്ന് ചികിത്സ തേടിയെന്നും ഹരജിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നു കാണിച്ച് പരാതിയും നല്‍കി. ഗവാസ്‌കര്‍ നല്‍കിയ പരാതി വ്യാജമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."