ഗള്‍ഫില്‍ ജോലിക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതായി റിപ്പോര്‍ട്ട്
ജിദ്ദ: സഊദിയിടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലികള്‍ക്കായി ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതായി പഠനം. അതേ സമയം ഗള്‍ഫ് നാടുകളിലുണ്ടായ സാമ്പത്തിക പ്രതിസന്ധികളും നിതാഖാത്ത് ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളിലുണ്ടായ സ്വദേശി വല്‍ക്കരണ നയങ്ങളുമാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2015ല്‍ 7.6 ലക്ഷം പേര്‍ ജോലി തേടി ഗള്‍ഫിലെത്തിയിരുന്ന സ്ഥാനത്ത് 2017ല്‍ 3.7 ലക്ഷം പേരായി അത് ചുരുങ്ങി. അടുത്ത ഏതാനും വര്‍ഷങ്ങളിലായി ഈ നിരക്ക് കുറഞ്ഞുവരുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ല്‍ യു.എ.ഇയായിരുന്നു ഇന്ത്യക്കാരുടെ ഇഷ്ട ഗള്‍ഫ് രാജ്യം. ഒന്നര ലക്ഷം പേരാണ് ഇവിടേക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചത്. 2015ല്‍ ഇന്ത്യന്‍ തൊഴിലന്വേഷകരുടെ ഗള്‍ഫിലെ ഇഷ്ട രാജ്യം സഊദിയായിരുന്നു. 2015ല്‍ മൂന്നു ലക്ഷം പേരായിരുന്നു സഊദിയിലേക്ക് തൊഴില്‍ തേടിപ്പോയത്. എന്നാല്‍ 2017 ആകുമ്പോഴേക്കും സഊദിയോടുള്ള ഇന്ത്യക്കാരുടെ താല്‍പര്യം കുത്തനെ ഇടിഞ്ഞു. 78000 പേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം സഊദിയിലേക്ക് പോയത.് 74 ശതമാനത്തിന്റെ കുറവ്. അതിനിടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന വിസയുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2015 ല്‍ 7.6 മില്യണ്‍ വിസ നല്‍കിയിരുന്നു, എന്നാല്‍ 2017 ല്‍ അത് 3.7 മില്യണ്‍ ആയി കുറഞ്ഞു. ഇന്ത്യക്കാര്‍ക്ക് മുന്‍ തൂക്കമുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള കുവൈത്ത് 2015 ല്‍ 66,543 വിസകള്‍ അനുവദിച്ചു, എന്നാല്‍ 2016 ല്‍ 72,384 വിസയും, 2017 ല്‍ 56,380 ആയി കുറഞ്ഞു.
പ്രഥമ സ്ഥാനത്തുള്ള യു എ ഇ 2015 ല്‍ 2.2 മില്യണ്‍, 2016 ല്‍ 2.2 മില്യണ്‍, 2017 ല്‍ 1.5 മില്യണ്‍ ആയി കുറഞ്ഞു.
സഊദി അറേബ്യ 2015 ല്‍ 3 മില്യണ്‍, 2016 ല്‍ 1.6 മില്യണ്‍, 2017 ലത് 78,000 ആയി കുറഞ്ഞു. ഇതിനു പുറമെ ഒമാന്‍, ഖത്തര്‍, ബഹറിന്‍ എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ വിസയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
അതേസമയം, ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം വിദേശത്തുനിന്ന് ആളുകള്‍ അയക്കുന്ന പണം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. 2017ല്‍ അത് 69 ബില്യനായിരുന്നു. ഇതില്‍ 56 ശതമാനവും സഊദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് നാടുകളില്‍ നിന്നുള്ളതാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിസാനിയമത്തില്‍ വന്ന മാറ്റമാണ് യു.എ.ഇയെ ഇന്ത്യന്‍ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കി മാറ്റിയതെന്നാണ് കരുതപ്പെടുന്നത്. ഇതിലേറ്റവും പ്രധാനം 2018 അവസാനത്തോടെ പ്രഫഷനലുകള്‍ക്കും നിക്ഷേപകര്‍ക്കും 10 വര്‍ഷത്തേക്കുള്ള റസിഡന്‍സി വിസ അനുവദിക്കുമെന്ന യു.എ.ഇ ഭരണകൂടത്തിന്റെ പ്രഖ്യാപനമാണ്. ജോലി നഷ്ടമായവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തുന്നതു വരെ താല്‍ക്കാലിക വിസ നല്‍കുന്ന സമ്പ്രദായമാണ് മറ്റൊന്ന്.
അതേസമയം, നേരത്തേ നിര്‍മാണത്തൊഴിലാളികള്‍, ആശാരിമാര്‍, ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ ബ്ലൂകോളര്‍ ജോലിക്കാരാണ് കൂടുതലായും ഗള്‍ഫ് നാടുകളില്‍ തൊഴില്‍തേടി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് മാറിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വൈറ്റ് കോളര്‍ ജോലിക്കാരാണ് ഇവിടേക്ക് കൂടുതലായി താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."