HOME
DETAILS
MAL
ചെറുകണ്ണികള്‍ വിളക്കിച്ചേര്‍ത്ത് കസ്റ്റംസ്; ഇനി ആരൊക്കെ?
backup
July 17 2020 | 01:07 AM
ഗിരീഷ് കെ. നായര്‍
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിലേക്ക് കസ്റ്റംസിന്റെ അന്വേഷണം എത്തിയതോടെ സി.പി.എമ്മും സര്‍ക്കാരും അങ്കലാപ്പിലായിരുന്നു. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കസ്റ്റംസും എന്‍.ഐ.എയും അന്വേഷണം തുടരുകയാണ്.
സി.ബി.ഐ വരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. സ്വര്‍ണക്കടത്തെന്ന സാമ്പത്തിക കുറ്റകൃത്യം ചെയ്യുന്നവരെ തേടിയുള്ള കസ്റ്റംസിന്റെ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ആ അന്വേഷണം പോലും മുഖ്യമന്ത്രിയുടെ ഓഫിസ് വരെയെത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ അന്വേഷണം ഇനി ഏതുവഴിക്ക്, ആരിലേക്ക് തിരിയുമെന്നത് പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഒട്ടൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.
സ്വര്‍ണക്കടത്തുകേസിലെ ചെറുകണ്ണികളെ വിളക്കിചേര്‍ത്തുകൊണ്ടിരിക്കുകയാണ് കസ്റ്റംസ്. സ്വര്‍ണക്കടത്തിന്റെ മുഖ്യആസൂത്രകര്‍ സന്ദീപ് നായരും കെ.ടി റമീസുമാണെന്ന് കസ്റ്റംസ് സൂചന നല്‍കുന്നതുതന്നെ ഇതിനു തെളിവാണ്. സരിത്തും സ്വപ്നയും കാരിയര്‍മാരാണെന്ന് വ്യക്തമാക്കുന്ന കസ്റ്റംസ്, സ്വര്‍ണത്തിന് പണംമുടക്കുന്നവരിലേക്കും അന്വേഷണം നീട്ടി.
എന്‍.ഐ.എ ഈ അന്വേഷണത്തിന്റെ ബാക്കി ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ. അത് യു.എ.പി.എ നിയമവുമായി ബന്ധപ്പെട്ടതും കടത്തിയ സ്വര്‍ണം ആരിലേക്ക് എത്തിയെന്നതുമാണ്. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്നു. വ്യക്തമായ തെളിവുകളാണ് അറസ്റ്റിലായ പലരും ഏജന്‍സികള്‍ക്ക് നല്‍കിരിക്കുന്നത് എന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഈ കേസ് ഉന്നതങ്ങളിലേക്ക് കടക്കുമ്പോള്‍ കസ്റ്റംസ് അന്വേഷിച്ചെത്തിയ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന്‍ മൂന്നു സിവില്‍ സര്‍വിസ് ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇനി അവരുടെ മുഖംമൂടി അഴിയുമ്പോള്‍ പൊതുജനവും സര്‍ക്കാരും സി.പി.എമ്മും വീണ്ടും ഞെട്ടിയേക്കും. കാരണം കസ്റ്റംസിന്റെ ഓരോ അന്വേഷണവും അറസ്റ്റും ചെന്നെത്തുന്നത് സര്‍ക്കാര്‍ വഴിവിട്ട് നിയമിച്ച അനര്‍ഹരിലാണ്. ഇനിയും ഇത്തരക്കാരുണ്ടെന്ന ആരോപണം നിലനില്‍ക്കേ ഇവര്‍ ഏതു മേഖലയിലെ, എത്ര ഉന്നതാണെന്നത് നിര്‍ണായകമാണ്. മാത്രവുമല്ല, ഇവരുമായി മന്ത്രിസഭയിലെ ആര്‍ക്കെങ്കിലുമാണോ അതോ പാര്‍ട്ടിയിലെ ഉന്നതര്‍ക്കാണോ ബന്ധമെന്നതും വലിയ വിവാദത്തിനു കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."