HOME
DETAILS
MAL
തിരുവനന്തപുരം-കാസര്‍കോട് അതിവേഗറെയില്‍ ചെറിയ മാറ്റം മതി; കരിപ്പൂരിനെയും ബന്ധിപ്പിക്കാം
backup
July 17 2020 | 02:07 AM
കോഴിക്കോട്: കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പ്പാത കരിപ്പൂര്‍ വിമാനത്താവളത്തെയും ബന്ധിപ്പിക്കാന്‍ വേണ്ടത് അലൈന്‍മെന്റില്‍ ചെറിയ മാറ്റം മാത്രം. എന്നാല്‍ തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളെ ബന്ധപ്പെടുത്തി നീളുന്ന ഈ സില്‍വര്‍ പാതയെ മലബാറിന്റെ വികസന കവാടമായ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ അധികൃതര്‍ക്കോ താത്പര്യമില്ല. നിലവിലെ അതിവേഗ റെയില്‍ അലൈന്‍മെന്റില്‍ 30 കിലോമീറ്ററിന്റെ മാറ്റം മാത്രം മതി കരിപ്പൂരിനെ റെയിലുമായി ബന്ധിപ്പിക്കാന്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പുരോഗതിക്ക് കാരണമാവാന്‍ ഏറെ സാധ്യതയുള്ളതായിരിക്കും ഈ റെയില്‍ ബന്ധനം. എന്നാല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെതിരേ നീങ്ങുന്ന ലോബികള്‍ക്കൊപ്പം സര്‍ക്കാരിന്റെ അവഗണനയും ഇക്കാര്യത്തില്‍ വിലങ്ങുതടിയാവുകയാണ്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സില്‍വര്‍ റെയിലിന് 11 സ്‌റ്റേഷനുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍ പാതയില്‍ നിന്ന് മാറിയും തിരൂരില്‍ നിന്ന് കാസര്‍കോട് വരെ നിലവിലെ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ ലൈന്‍ നിര്‍മിക്കുക.
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശേരി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്‌റ്റേഷനുകള്‍. കോഴിക്കോട് സ്‌റ്റേഷനില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം.
ഫറൂഖ് റെയില്‍വെ സ്‌റ്റേഷന് സമാന്തരമായാണ് സില്‍വര്‍ റെയിലിന്റെ രൂപകല്‍പ്പന. ഇവിടെ നിന്നും കേവലം 18 കീലോമീറ്റര്‍ മാത്രമാണ് കരിപ്പൂരിലേക്കുള്ള ദൂരം. കരിപ്പൂര്‍ വിമാനത്താവളവുമായി നിര്‍ദ്ദിഷ്ട റെയില്‍പാതയെ ബന്ധിപ്പിക്കാന്‍ ഭൂമിശാസ്ത്രപരമായി വലിയ സാങ്കേതിക പ്രശ്‌നങ്ങള്‍ നിലവിലില്ല. എന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ താത്പര്യം കാണിക്കുന്നില്ല.
ഭൂമിശാസ്ത്രപരമായി കണ്ണൂര്‍ വിമാനത്താവളവുമായി അതിവേഗ റെയില്‍ പദ്ധതിയെ ബന്ധിപ്പിക്കുക അസാധ്യമാണ്.
ഈ സാഹചര്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ അതിവേഗ റെയില്‍ പാതയുമായി ബന്ധിപ്പിക്കുന്നതിലൂടെ മലബാറിന്റെ വാണിജ്യ, വ്യാവസായിക മേഖലകള്‍ക്ക് വന്‍ ഉണര്‍വാണ് ലഭിക്കുക. അതോടൊപ്പം പ്രവാസി യാത്രക്കാര്‍ക്ക് ഏറെ പ്രയോജനവുമാവും. ലോകത്തിന്റെ ഏതു ഭാഗത്തും സ്പീഡ് റെയില്‍, മെട്രോ റെയില്‍ പോലുള്ള പദ്ധതികള്‍ സ്ഥാപിക്കുമ്പോള്‍ വിമാനത്താവളങ്ങള്‍ക്ക് മുന്‍ഗണന നല്‍കാറുണ്ട്.
ഇക്കാര്യത്തില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മുന്നോട്ടു വരണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം കേന്ദ്ര റെയില്‍വെ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."