ഉമ്മമാര്‍ക്കും പറ്റും സര്‍പ്രൈസ്; ആരെയും അറിയിക്കാതെ സിംഗപ്പൂരിലെത്തി മകന്റെ ഷോപ്പില്‍ കയറി ഇന്ത്യന്‍ രൂപ കൊടുത്ത ഉമ്മ; അപ്രതീക്ഷിതമായി കണ്ട ഉമ്മയെ കെട്ടിപ്പിടിച്ച് മകനും; വൈറലായൊരു വീഡിയോ
കോഴിക്കോട്: 'മക്കള്‍ക് മാത്രം അല്ല, ഉമ്മമാര്‍ക്കും സര്‍പ്രൈസ് കൊടുക്കാന്‍ പറ്റും' എന്ന അടിക്കുറിപ്പ് പോലെ തന്നെ വൈറലായിരിക്കുകയാണ് ആ വീഡിയോയും. നാട്ടില്‍ നിന്നും ആരെയും അറിയിക്കാതെ സിംഗപ്പൂരിലെ മകന്റെ കടയിലെത്തുകയും സാധനങ്ങള്‍ വാങ്ങിയ ശേഷം ഇന്ത്യന്‍ രൂപ കൊടുക്കുന്ന ഉമ്മയെ അപ്രതീക്ഷിതമായി കാണുമ്പോള്‍ കെട്ടിപ്പിടിച്ച് സ്നേഹത്തിന്റെ രൂപമായ ആ നെഞ്ചിലേക്കു വീഴുകയുമാണ് മകന്. വീഡിയോയിലെ ഉമ്മയും മകനും ആരാണെന്ന് അറിവായിട്ടില്ല.
സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ പര്‍ദയിട്ട മധ്യവയസ്കയെന്നു തോന്നിപ്പിക്കുന്ന സ്ത്രീ സാധനങ്ങള്‍ വാങ്ങിയ ശേഷം കൗണ്ടറിലുള്ള യുവാവിന് ഇന്ത്യന്‍ രൂപ നീട്ടുകയായിരുന്നു. ഇതുകണ്ട് കേഷ്യറില് ഇരിക്കുന്ന യുവാവ് ആദ്യം ഒന്നു സംശയിച്ചു. കടയുടെ ഒരുഭാഗത്തുനിന്ന് ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ യുവാവിന്റെ സംശയം ഇരട്ടിയായി. ഇതോടെ സ്ത്രീയുടെ ഹിജാബ് വലിച്ചുനോക്കുമ്പോഴുണ്ട് സ്വന്തം ഉമ്മ! അമ്പരപ്പ് അടക്കാനാവാതെ യുവാവ് കൗണ്ടറില്‍ നിന്ന് പുറത്തുവന്ന് ഉമ്മയെ ചേര്‍ത്തു പിടിച്ചു. സന്തോഷം കണ്ണീരിനു വഴിമാറിയതോടെ യുവാവ് കണ്ണുതുടയ്ക്കുന്നതും വീഡിയോയില്‍ കാണാം.
മക്കളെ ഫോണ്വിളിച്ചുമാത്രം എവിടെയും പോവുന്ന ഉമ്മയെന്ന സങ്കല്പ്പത്തിനു പുതിയ അര്‍ത്ഥം രചിച്ച ആ ഉമ്മയുടെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."