ഹിന്ദു പാകിസ്താന്‍ പ്രയോഗം: ശശി തരൂരിന് പാര്‍ട്ടിയുടെ മുന്നറിയിപ്പ്; ഇനിയും അതുതന്നെ പറയുമെന്ന് തരൂരും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ ഹിന്ദു പാകിസ്താന്‍ പ്രയോഗത്തില്‍ കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്.
വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നേതാക്കള്‍ നിയന്ത്രണവും ജാഗ്രതയും പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. നേതാക്കള്‍ ബിജെപിയെ വിമര്‍ശിക്കുമ്പോള്‍ ചരിത്രപരമായ ഉത്തരവാദിത്വം മറക്കരുതെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്ന ആവശ്യം തരൂര്‍ തള്ളി. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇനിയും അതുതന്നെ പറയുമെന്നും ശശി തരൂര്‍ പറഞ്ഞു.
2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്താന്‍' ആയി മാറുമെന്നാണ് ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ വിജയം ആവര്‍ത്തിച്ചാല്‍ നാം കരുതുന്നതു പോലെ തന്നെ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം നിലനില്‍ക്കുകയില്ല.
നിലവിലുള്ള ജനാധിപത്യ ഭരണഘടനയെ അവര്‍ തകര്‍ക്കുമെന്നും പുതിയത് നിര്‍മ്മിക്കാന്‍ ആവശ്യമായ എല്ലാ സാധ്യതകളും ഇന്ന് ബി.ജെ.പിയെന്ന വര്‍ഗ്ഗീയ പാര്‍ട്ടിയുടെ കൈവശം ഉണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങളിലധിഷ്ഠിതമായ ഭരണഘടനയാവും ബിജെപി പുതിയതായി നിര്‍മ്മിച്ചെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു രാജ്യത്തെ സമത്വം ഇല്ലാതാക്കും. ഒരു ഹിന്ദു പാകിസ്താനെ സൃഷ്ടിക്കും.
ഇത്തരമൊരു സ്ഥിതിയിലേക്ക് എത്തുന്നതിന് വേണ്ടിയല്ല മഹാത്മഗാന്ധിയും നെഹ്‌റുവുമൊന്നും പോരാടിയതെന്നും തരൂര്‍ പറഞ്ഞു. രാജ്യം ഭരിക്കുന്നതിനെക്കാള്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രീയ പ്രചരണയോഗങ്ങളിലാണ് താത്പര്യമെന്നും അദ്ദേഹം തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."