റാഫേല്‍ കേസില്‍ കേന്ദ്രത്തിന് കനത്ത തിരിച്ചടി; എല്ലാ രേഖകളും പരിശോധിക്കും, പുനപ്പരിശോധനാ ഹരജികളില്‍ വിശദമായ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണവിധേയനായ റാഫേല്‍ യുദ്ധവിമാന ഇടപാട് കേസില്‍ സുപ്രിം കോടതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനു കനത്ത തിരിച്ചടി. റാഫേല്‍ പുനപ്പരിശോധന ഹരജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ച സുപ്രിംകോടതി, പുനപ്പരിശോധന ഹരജികള്‍ ഫയലില്‍ സ്വീകരിക്കരുെന്ന സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി. കേസുമായി ബന്ധപ്പെട്ട് ദി ഹിന്ദു പ്രസിദ്ധീകരിച്ച മൂന്നുരേഖകള്‍ ഉള്‍പ്പെടെ എല്ലാ രേഖകളും പരിശോധിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ദി ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച രേഖകള്‍ 'മോഷ്ടിക്കപ്പെട്ടത്' ആണെന്ന വാദം തള്ളിയത് സര്‍ക്കാരിനു കനത്ത പ്രഹരമാണ്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. മൂന്നംഗബെഞ്ചും ഒരൊറ്റ വിധിയാണ് പുറപ്പെടുവിച്ചത്. റാഫേല്‍ ഇടപാട് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന വിധിക്കെതിരായ പുനഃ പരിശോധന ഹരജികളിലാണ് ഇന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജികളില്‍ വിശദമായ വാദം എന്നു കേള്‍ക്കുമെന്നു പിന്നീട് തീരുമാനിക്കും. റാഫേലുമായി ബന്ധപ്പെട്ട പുനപ്പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കണമോ, പുതുതായി പുറത്ത് വന്ന രേഖകള്‍ കോടതി പരിഗണിക്കണമോ എന്നീ വിഷയങ്ങളില്‍ ആണ് കോടതി വിധി പറഞ്ഞത്. മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, വിമത ബി.ജെ.പി നേതാക്കളും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് കേസിലെ പ്രധാന ഹരജിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."