തുര്‍ക്കിയില്‍ കുടുങ്ങിയവരില്‍ പാലക്കാട്ടുകാരിയും
പാലക്കാട്: സൈനിക അട്ടിമറി ശ്രമത്തിനിടെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കുടുങ്ങിയവരില്‍ പാലക്കാട് സ്വദേശിനിയും. ചന്ദ്രനഗര്‍ കൃഷ്ണാമ്പാളില് രാജേഷിന്റെ മകള്‍ ഋതികയാണ് കലാപഭൂമിയില്‍ കുടുങ്ങിയത്. മകള്‍ സുരക്ഷിതയാണെന്ന വാട്സ്ആപ് സന്ദേശം പിതാവിന് ലഭിച്ചിട്ടുണ്ട്.
തുര്‍ക്കിയിലെ പ്രമുഖ സര്‍വകലാശാലയായ അശോകയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പില്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ ഋതിക കഴിഞ്ഞ പതിനൊന്നിനാണ് അവധി കഴിഞ്ഞ് തുര്‍ക്കിയിലേക്കു പോയത്. പതിനൊന്നിന് വൈകിട്ട് കോളജ് ഹോസ്റ്റലില്‍ എത്തിയതായി രക്ഷിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ചവരെ മാത്രമാണ് നേരിട്ട് ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞത്.
വെള്ളിയാഴ്ച മുതല്‍ വാട്സ് ആപ് സന്ദേശം മാത്രമാണ് ലഭിച്ചിരുന്നത്. ശനിയാഴ്ചയോടെ ഇതും മുടങ്ങി. ഇപ്പോള്‍ ഫേസ്ബുക്ക് വഴിയാണ് സന്ദേശങ്ങള്‍ ലഭിക്കുന്നതെന്ന് ഋതികയുടെ പിതാവ് രാജേഷ് 'സുപ്രഭാത'ത്തോട് പറഞ്ഞു. അതേസമയം, തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ പ്രശ്നബാധിത പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും സുരക്ഷിത താവളത്തിലേക്ക് ഉടന്‍ മാറുമെന്നും ഫേസ്ബുക്കില്‍ ഋതിക അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."