ഗെയില്‍ പ്രവൃത്തി നടക്കുന്ന ചെങ്ങര കരിങ്കൊടിമല ഉരുള്‍പൊട്ടല്‍ ഭീതിയില്‍
അരീക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പ്രവൃത്തി നടക്കുന്ന കാവനൂര്‍ പഞ്ചായത്തിലെ ചെങ്ങര കരിങ്കൊടിമല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. മലക്ക് താഴെയായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഗെയില്‍ പൈപ്പ് സ്ഥാപിക്കാന്‍ മലയൊന്നാകെ കിളച്ചിട്ടതോടെ ഇവരുടെ വീടിന് മേല്‍ ഏത് നിമിഷവും മലവന്ന് പതിക്കാവുന്ന അവസ്ഥയിലാണ്. നിരവധി മരങ്ങളും മുറിച്ചുമാറ്റിയതോടെ മലയില്‍ നിന്ന് വ്യാപകമായി മണ്ണൊലിച്ച് തുടങ്ങിയിട്ടുണ്ട്. ഗെയിലിന് വേണ്ടി പൈപ്പിടല്‍ പ്രവൃത്തിയും വെല്‍ഡിങ് ജോലിയുമാണ് ഇപ്പോള്‍ കരിങ്കൊടി മലയില്‍ നടക്കുന്നത്.
പുല്‍പ്പറ്റ പഞ്ചായത്തിലെ കാരാപറമ്പില്‍നിന്നാണ് കാവനൂര്‍ ചെങ്ങരയിലെ കരിങ്കൊടി മലയിലേക്ക് പൈപ്പ് ലൈന്‍ എത്തുന്നത്. പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി മലയില്‍ പൂര്‍ണമായും കുഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. വലിയ കൂനകളാക്കി ഇവിടെ കൂട്ടിയിട്ട മണ്ണുകള്‍ പകുതിയിലധികവും തൊട്ടടുത്ത വീടുകളിലേക്ക് ഒലിച്ചിറങ്ങിയതോടെ ഏത് നിമിഷവും വീട് നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ചെക്ക്യാരക്കുണ്ട് സത്യാവതി, മൂലക്കൊടുവില്‍ അലവി, കണ്ണിയന്‍ മുസ്തഫ, മൂലക്കൊടുവില്‍ മുഹമ്മദ് എന്നിവരുടെ വീടുകളിലേക്കാണ് കല്ലും മണ്ണും ഒലിച്ചിറങ്ങിയത്. ഇതില്‍ സത്യാവതിയുടെ വീട്ടില്‍ മകളും അംഗവൈകല്യമുള്ള രണ്ട് കുട്ടികളുമാണുള്ളത്. ഈ കുട്ടികള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ വാഹന സൗകര്യം വേണം.
ഗെയില്‍ പ്രവൃത്തി മൂലം വഴി അടഞ്ഞതോടെ വീട്ടിലേക്ക് വാഹനം എത്താന്‍ മാര്‍ഗമില്ലാതായി. ഇതോടെ ഈ കുട്ടികള്‍ വലിയ പ്രയാസമാണ് അനുഭവിക്കേണ്ടി വരുന്നത്. ബുധനാഴ്ച രാവിലെ ഉഗ്രശബ്ദത്തോടെ മലയില്‍ നിന്നും മണ്ണും ചെങ്കല്‍ പാളികളും ഒലിച്ചിറങ്ങിയിരുന്നു. ഗെയിലിന്റെ പ്രവൃത്തി നടക്കുന്നതിന്റെ മുകളിലുള്ള പഴയ ക്വാറിയില്‍ കെട്ടിനിന്ന വെള്ളവും ഗെയില്‍ കുഴിയിലെ വെള്ളവും മണ്ണും ഒലിച്ചിറങ്ങുന്നതോടെ സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കും. മലയില്‍ നിന്നും വ്യാപകമായി മണ്ണ് ഒലിച്ചിറങ്ങിയതോടെ ഇവിടെ പ്രവൃത്തിച്ചിരുന്ന കോഴി ഫാം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. താമസിക്കുന്ന വീടുകള്‍ തകര്‍ക്കുന്ന തരത്തില്‍ പ്രവൃത്തി നടക്കുന്നതിനെതിരെ ഗെയില്‍ അധികൃതരോട് പരാതി ബോധിപ്പിച്ചെങ്കിലും ഒഴിഞ്ഞുമാറുകയാണുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു. നിരവധിയാളുകള്‍ ഒപ്പുവച്ച പരാതി ജില്ലാ കലക്ടറെ നേരില്‍ കണ്ട് കൊടുത്തിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് പോയെങ്കിലും ജനജീവിതം ദുരിതത്തിലാക്കി ഗെയില്‍ പ്രവൃത്തി തുടരുകയാണ്. മലമുകളില്‍നിന്ന് മണ്ണ് സംസ്ഥാന പാതയിലേക്കും ഒലിച്ചിറങ്ങിയതോടെ വാഹന അപകടങ്ങളും സംഭവിക്കുന്നുണ്ട്. കനത്ത മഴക്കിടയിലും കരിങ്കൊടി മലയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള പ്രവൃത്തി തുടര്‍ന്നാല്‍ വലിയ ദുരന്തമാകും പ്രദേശവാസികളെ തേടിയെത്തുക. ഇവിടെ ഉരുള്‍പൊട്ടലുണ്ടായാന്‍ ഇരുപതോളം കുടുംബങ്ങള്‍ ദുരിതത്തിലാകും. ആദ്യമായിട്ടാണ് കരിങ്കൊടി മലയില്‍നിന്ന് മണ്ണൊലിപ്പുണ്ടാകുന്നത്. മഴക്കാലത്തെങ്കിലും മല ഇളക്കിമറിച്ചുള്ള പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."