എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ മിന്നല്‍ പരിശോധന; നൂറോളം വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍
പരിശോധന നടത്തിയത് മെഡിക്കല്‍ കൗണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും വിദഗ്ധ സംഘം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വര്‍ക്കല അകത്തുമുറിയിലെ എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും വിദഗ്ധ സംഘം മിന്നല്‍ പരിശോധന നടത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. സ്വാശ്രയ സ്ഥാപനമായ ഈ കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലെന്നും ഇവിടെ പഠനം തുടരാന്‍ സാധ്യമല്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ചില വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ്, ഇക്കാര്യം പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ മെഡിക്കല്‍ കൗണ്‍സിലിനും ആരോഗ്യ സര്‍വകലാശാലയ്ക്കും കോടതി നിര്‍ദേശം നല്‍കിയത്.
2016-17 അധ്യയന വര്‍ഷത്തിലാണ് ഇവിടെ എം.ബി.ബി.എസിനു 100 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി ലഭിക്കുന്നത്. അന്ന് സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം 50:50 അനുപാതത്തിലാണ് പ്രവേശനം നടന്നത്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ തുടര്‍ അനുമതി ലഭിച്ചിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നതാണ് ഇതിനു കാരണം. തദ്ദേശ ഭരണ സ്ഥാപനത്തില്‍നിന്നുള്ള കെട്ടിട നിര്‍മാണ അനുമതിയോ സ്ഥിരമായ വൈദ്യുതി കണക്ഷനോ അഗ്നിശമന സേനയുടെ സുരക്ഷാ പത്രമോ ഒന്നും തന്നെ ഈ കോളജിനില്ലെന്നാണ് ഇവയോടനുബന്ധിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ശമ്പളം നല്‍കാത്തതിനാല്‍ അധ്യാപകരാരും തന്നെ ക്ലാസുകള്‍ എടുക്കാന്‍ എത്താറില്ലെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇവിടെ പഠനം തുടരാന്‍ സാധ്യമല്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
വര്‍ക്കല എസ്.ആര്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളാണ് അകത്തുമുറിയിലെ എസ്.ആര്‍ മെഡിക്കല്‍ കോളജും ശ്രീശങ്കരാ ഡെന്റല്‍ കോളജും. ഇവ രണ്ടും ഒരേ കാംപസില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മാസങ്ങളായി ശമ്പളം മുടങ്ങിയതിന്റെ പേരില്‍ ഡെന്റല്‍ കോളജിലെ അധ്യാപകരും മറ്റു ജീവനക്കാരും അനിശ്ചിതകാല സമരം നടത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതേതുടര്‍ന്ന് പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളജിന് മുന്നില്‍ പന്തല്‍കെട്ടി സമരം ചെയ്തു വരികയായിരുന്നു. കോളജ് ഭരണം ഹൈക്കോടതി നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഡെന്റല്‍ വിദ്യാര്‍ഥികളും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ കമ്മിഷന്‍ ഇവിടെ കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടും കോളജ് മാനേജ്‌മെന്റിനെതിരേ ആരോപണം നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."