പള്ളി കൈയേറ്റം: പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് നടന്നുവരുന്ന പള്ളികളും മദ്‌റസകളും കൈയേറിയും പ്രവര്‍ത്തകരെ മര്‍ദിച്ചും നാട്ടില്‍ അരാചകത്വം സൃഷ്ടിക്കുന്ന അക്രമികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നു കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്തയുടെയും പോഷകസംഘടനകളുടെയും വിവിധ മഹല്ല് പ്രതിനിധികളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. ഈ വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പു പാലിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ഉമര്‍ ഫൈസി മുക്കം, കെ.മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, പി.മാമുക്കോയ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമസ്ത ലീഗല്‍സെല്‍ കണ്‍വീനര്‍ പി.എ.ജബ്ബാര്‍ ഹാജി സ്വാഗതവും സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."