കാരൂര്‍ റോഡിലെ വീതി കുറവ്: വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാകുന്നു
മാള: കാരൂര്‍-ചാലക്കുടി റോഡിലെ വീതി കുറവ് വാഹനങ്ങള്‍ക്കു അപകട ഭീഷണിയാകുന്നു . രണ്ടു ബസ് പോലുള്ള വലിയ വാഹനങ്ങള്‍ എതിര്‍ ദിശയില്‍ നിന്ന് വന്നാല്‍ വളരെ പ്രയാസപ്പെട്ടു മാത്രമേ കടന്നു പോകാന്‍ കഴിയൂ.
റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് അടര്‍ന്ന് പോയതിനാല്‍ വീതി വളരെ കുറവാണ് .
പറമ്പി റോഡ് മുതല്‍ പോട്ട വരെ റോഡ് പല ഭാഗങ്ങളിലും തകര്‍ന്ന് കുഴികള്‍ നിറഞ്ഞ നിലയിലാണ് .
മഴക്കാലത്തിന് മുന്‍പ് കനാല്‍ വെള്ളം കുത്തിയൊഴുകി തകര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും മറ്റു സ്ഥലങ്ങളില്‍ കുഴിയടക്കാത്തതിനാല്‍ യാത്രാ ദുരിതത്തിന് പരിഹാരമായില്ല.
റോഡിന്റെ വീതി കുറവ് കാരണം കഴിഞ്ഞ ദിവസം രാത്രി മറ്റൊരു വാഹനത്തിനു കടന്നു പോകാനായി ഒതുക്കിയ കാറ് കാനയിലേക്കു വീണു അപകടമുണ്ടായിരുന്നു.
റോഡിന്റെ വീതി കുറവ് കാരണം വലിയ വാഹനങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ നിന്ന് താഴ്ചയിലേക്ക് ഇറക്കി ഒതുക്കേണ്ടി വരുമ്പോഴും അപകട സാധ്യത ഏറെയുണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്.
കാരൂര്‍-ദുബായി റോഡ് ജങ്ഷനില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഡ്രൈനേജ് സംവിധാനം ഉണ്ടാകാത്തത് യാത്രക്കാര്‍ക്ക് വലിയ ദുരിതമാണുണ്ടാക്കുന്നത്. കാലങ്ങളായി അറ്റകുറ്റപ്പണിയോ നവീകരണമോ ഇല്ലാതെ കിടക്കുന്ന കാരൂര്‍ ചാലക്കുടി റോഡിലൂടെ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ ദിനേ കടന്നുപോകുന്നുണ്ട്.
കാരൂരില്‍ നിന്ന് ചാലക്കുടി , ഇരിങ്ങാലക്കുട , കൊടകര , മാള തൃശൂര്‍ തുടങ്ങിയ ടൗണുകളിലേക്കുള്ള ഏക വഴിയായ ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി അധികൃതരുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."