സിദ്ദിഖ് വധം; പ്രതി പൊലിസ് കസ്റ്റഡിയില്‍
തലശ്ശേരി: ന്യൂമാഹി പെരിങ്ങാടി മമ്മി മുക്കിലെ പുതിയപുരയില്‍ വൈദ്യന്റവിടെ സിദ്ദിഖി(72)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലിസ് കസ്റ്റഡിയില്‍. പെരിങ്ങാടി സ്വദേശിയും കൂത്തുപറമ്പ് കോട്ടയംപൊയിലില്‍ താമസക്കാരനുമായ യൂസഫ് (55) ആണ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്തു വരികയാണ്.
മമ്മിമുക്ക് ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ കുഴിച്ചിട്ട നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സിദ്ദിഖിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. പണം കവര്‍ച്ച നടത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴിയെന്ന് വിവരമുണ്ട്. സിദ്ദിഖില്‍നിന്ന് കവര്‍ന്ന പണം പ്രതി മറ്റൊരാള്‍ക്ക് നല്‍കിയിരുന്നു. ഇതാണ് കേസ് അന്വേഷണത്തിനു തുമ്പായത്.
കൊല്ലപ്പെട്ട സിദ്ദിഖും പ്രതിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായും ഖബര്‍ കുഴിക്കുന്ന ജോലി ചെയ്യുന്ന പ്രതി സിദ്ദിഖില്‍ നിന്നാണ് ഖബറിടത്തിലേക്കു വേണ്ട സാധനങ്ങള്‍ വാങ്ങിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. സിദ്ദിഖുമായുള്ള പണമിടപാടില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നതായും പൊലിസിനു വിവരം ലഭിച്ചിരുന്നു.
മോഷണക്കേസുമായി ബന്ധപ്പെട്ടും ഭാര്യാസഹോദരനെ അക്രമിച്ച കേസിലും ഇയാളെ നേരത്തെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, സിദ്ദിഖിനെ കാണാതായ ദിവസം തന്നെ കൊലപ്പെടുത്തിയതായാണു വിവരം. അന്വേഷണം വഴിതെറ്റിക്കുന്നതിനായി മറ്റൊരാളുടെ മൊബൈല്‍ ഫോണും ഷര്‍ട്ടും ഖബറിടത്തിനു സമീപം ഉപേക്ഷിച്ചിരുന്നു.
മാഹിയില്‍ മദ്യപിക്കാനെത്തിയ കര്‍ണാടക ബല്ലാരി സ്വദേശിയും കണ്ണൂര്‍ സൗത്ത് ബസാറില്‍ താമസക്കാരനുമായ കിണര്‍ തൊഴിലാളിയുടേതാണു മൊബൈല്‍ ഫോണും വസ്ത്രങ്ങളുമെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. കൊല നടത്തിയതിനുശേഷവും പെരിങ്ങാടിയിലെ ചില സ്ഥലങ്ങളില്‍ പ്രതി കറങ്ങിനടക്കുകയും ചെയ്തു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."