കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തി പാലങ്ങള്‍ അടച്ചു: അതീവ ജാഗ്രത
കണ്ണൂര്‍: സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അതിര്‍ത്തിയിലെ ഇടറോഡുകളും പാലങ്ങളും അടച്ചു. സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള നാല് പൊലീസ് സ്റ്റേഷന്‍ പരിധികള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി.
കര്‍ണാടകത്തില്‍ നിന്നും അതിര്‍ത്തി കടന്ന് ധാരാളം ആളുകള്‍ എത്തുന്നത് നിയന്ത്രിക്കാനാണ് നിയന്ത്രണം.ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിക്കല്‍ പാലവയല്‍, കമ്പല്ലൂര്‍, നെടുങ്കല്ല് പാലങ്ങളും ചെറുപുഴ ചെക്കുഡാമുമാണ് അടച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
ഇരു ജില്ലകളേയും ബന്ധിപ്പിക്കുന്ന മലയോര ഹൈവേ വഴി സര്‍വ്വീസ് നടത്തുന്ന ബസ്സുകളും ചെറുപുഴവരെ മാത്രമാണ് ഓടുന്നത്.
കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തി വഴിയുള്ള ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുന്നുണ്ടെങ്കിലും കാലിക്കടവില്‍ ചെക്ക്‌പോസ്റ്റ് സ്ഥാപിച്ച് പൊലീസ് പരിശോധന കര്‍ശനമാക്കി.
കോഴിക്കോടുമായി അതിര്‍ത്തി പങ്കിടുന്ന മോന്താല്‍, കാഞ്ഞിരക്കടവ് പാലങ്ങളും ഇടറോഡുകളും അടച്ചു.
മാഹിയില്‍ കര്‍ശന പരിശോധനയുണ്ടാകും. ഇന്നലെ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച സാഹര്യത്തില്‍ പാനൂര്‍ നഗരസഭയും കുന്നോത്ത്പറമ്പ് പഞ്ചായത്തും കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."