പാലത്തായി പീഡനക്കേസ്: നീതി എത്ര അകലെ?
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കുകയും കാഴ്ചവയ്ക്കുകയും ചെയ്ത ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ യാതൊരു പോറലുമേല്‍ക്കാതെ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതോടെ നീതി എത്ര ക്രൂരമായാണ് ബൂട്ടിനടിയില്‍ ചവിട്ടിയരക്കപ്പെടുന്നതെന്ന സത്യം ഒരിക്കല്‍കൂടി കേരളാ പൊലിസ് തെളിയിച്ചു. അധഃസ്ഥിതരും അരികുവല്‍ക്കരിക്കപ്പെടുന്നവരുമായ ഭൂരിപക്ഷം ജനതയ്ക്കും നീതിയും നിയമവും എന്നും മരീചികയായിരിക്കും. വരേണ്യവര്‍ഗത്തിന്റെ സ്ഥാപിത താല്‍പര്യം അപകടത്തിലാകുമ്പോള്‍ കൊണ്ടും കൊടുത്തും കഴിയുന്ന പരമ്പരാഗത രാഷ്ട്രീയ ബദ്ധവൈരികള്‍ പോലും ഐക്യപ്പെടുന്നതാണ് കണ്ണൂരിലെ പാലത്തായി പീഡനക്കേസില്‍ കണ്ടത്.
മാര്‍ച്ച് മാസത്തിലാണ് നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അധ്യാപകനായ പത്മരാജനെതിരേ പോക്‌സോ നിയമപ്രകാരം കേസ് കൊടുത്തത്. കേസ് കൊടുത്ത് മാസം ഒന്ന് കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍നിന്നു തന്നെ ബദ്ധവൈരികളായ പാനൂരിലെ സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി കേസ് അട്ടിമറിക്കുകയാണെന്ന ആക്ഷേപം ഉയരുകയുണ്ടായി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്, ബി.ജെ.പിയില്‍നിന്ന് വ്യത്യസ്തമല്ല സി.പി.എമ്മും എന്നാണ് പൂര്‍വകാല അനുഭവങ്ങള്‍. പാലത്തായിയിലെ അവരുടെ ഐക്യപ്പെടലിലൂടെ ഇതു വീണ്ടും വെളിവാക്കപ്പെട്ടു. അല്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പിലെ പൊലിസ് കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പ് ചേര്‍ത്തുമായിരുന്നു. അവസാനംവരെ കുറ്റപത്രം സമര്‍പ്പിക്കാതെ വച്ചുതാമസിപ്പിക്കില്ലായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരേ പൊതുജന പ്രതിഷേധം കനത്തപ്പോള്‍, ജാമ്യം കിട്ടാന്‍ പാകത്തില്‍ നിസാര വകുപ്പുകള്‍ ചാര്‍ത്തി കുറ്റപത്രം സമര്‍പ്പിക്കുകയുമില്ലായിരുന്നു.
സി.പി.എമ്മുകാരാല്‍ ആക്രമിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ താന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നു വിളിച്ചു പറഞ്ഞപ്പോള്‍ എങ്കിലും നീ മാപ്പിളയല്ലേ എന്ന് സി.പി.എം അക്രമികള്‍ തിരിച്ചുചോദിച്ചുവെന്ന സംസാരം പരസ്യമാണ്. ഇതിനെ സാധൂകരിക്കുന്നതാണ്, കൊണ്ടും കൊടുത്തും കഴിയുന്ന സി.പി.എമ്മും ആര്‍.എസ്.എസും പല സന്ദര്‍ഭങ്ങളിലും ഏകോദര സഹോദരങ്ങളെപ്പോലെ പെരുമാറുന്ന രീതി. അതിനാലാണ് ഇരുവിഭാഗക്കാരും പാലത്തായി പീഡനക്കേസില്‍ സമാന ചിന്താഗതിക്കാരായി മാറിയത്. ഈ കേസ് പുറത്തുവന്നതു മുതല്‍ കുഴിച്ചുമൂടാന്‍ പൊലിസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക പ്രതിയായ അധ്യാപകന്‍ ബി.ജെ.പി നേതാവാണെന്നതും ഇരയാക്കപ്പെട്ട ബാലിക അനാഥയും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവള്‍ ആയതിനാലുമായിരിക്കും. കേസ് ചാര്‍ജ് ചെയ്ത പൊലിസ് സ്റ്റേഷനില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള ബന്ധുവീട്ടില്‍നിന്ന് പത്മരാജനെ കണ്ടെത്താന്‍ പൊലിസ് ഒരുമാസം എടുത്തതില്‍നിന്ന് തന്നെ ആ കൊച്ചുബാലികക്ക് നീതി അകലെയാണെന്ന് ഉറപ്പായിരുന്നു.
ഇരയായ ബാലികയെ മൊഴിയെടുത്ത്, മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് കുട്ടിയുടെ മാനസികനില തകര്‍ത്തു. ശേഷം, തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പൊലിസ് പറഞ്ഞു; കുട്ടി പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന്. വിചിത്രമായ ന്യായീകരണം!. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ എണ്‍പത്തിരണ്ടാം വകുപ്പ് ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് അധ്വാനിക്കേണ്ടി വന്നിട്ടുണ്ടാവില്ല. കേവലം പതിനായിരം രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കാവുന്ന കുറ്റമാക്കി ക്രൈംബ്രാഞ്ച് ഈ കേസിനെ കാണുകയായിരുന്നു.
പൊലിസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച് പാനൂര്‍ പൊലിസ് എഴുതിച്ചേര്‍ത്ത പോക്‌സോ വകുപ്പ് തന്നെ മായ്ച്ചു കളഞ്ഞു. പ്രതിഷേധം അത്രമേല്‍ ശക്തമായിട്ടും കൊവിഡിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആദരവ് നേടിക്കൊണ്ടിരിക്കുന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മണ്ഡലത്തില്‍ ഒരു കൊച്ചുബാലിക പീഡനത്തിന് ഇരയായിട്ട്, ആ അമ്മ മനസ് പിടഞ്ഞില്ലെന്നോ? ഇരയാക്കപ്പെട്ടതിനു തെളിവായി മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിട്ടും കേസ് അട്ടിമറിക്കുന്നതിനെതിരേ നീതിയുടെ വെളിച്ചമാകാന്‍ മന്ത്രി കെ.കെ ശൈലജക്കു കഴിഞ്ഞില്ല. അതിനിടെ, പീഡനക്കേസോ കുറ്റപത്രം സമര്‍പ്പിച്ച കാര്യമോ അറിയില്ലെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനും വ്യക്തമാക്കി മന്ത്രിയോട് ഐക്യപ്പെട്ടു.
നീതി ലഭിക്കാതെ വാളയാറിലെ പെണ്‍കുട്ടികളുടെ നിരയിലേക്ക് കണ്ണീര്‍ കാഴ്ചയായി പാലത്തായിയിലെ പെണ്‍കുട്ടിയും നീക്കിവയ്ക്കപ്പെടുമ്പോള്‍, ഇതര സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നീതിക്കുവേണ്ടി നിലവിളിക്കുന്നവര്‍ക്ക് ഐക്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ ഇനിയും മുദ്രാവാക്യങ്ങള്‍ വിളിച്ച് ഇതിലേ കടന്നുപോകും. അത്തരം കര്‍മങ്ങള്‍ കാലാകാലങ്ങളായി അവര്‍ അനുഷ്ഠിച്ചു വരുന്ന ഒരാചാരവും കൂടിയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ബി.ജെ.പി സമരത്തില്‍ പൊലിസുകാരെ അഭിസംബോധന ചെയ്ത് കൊണ്ട് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രസംഗിച്ച ഒരു നാട്ടില്‍ നീതിക്കുവേണ്ടി കണ്ണീരൊഴുക്കുന്ന, ഒരനാഥ ബാലികയുടെ ആര്‍ത്തനാദങ്ങള്‍ ഭരണകൂട കര്‍ണപുടങ്ങളില്‍ പതിയാതിരിക്കുന്നതില്‍ എന്തത്ഭുതമാണുള്ളത്.
പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് നല്‍കി ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ ജാമ്യം കിട്ടാനുള്ള പഴുതുകളാണ് ചേര്‍ത്തതെങ്കില്‍, ഇനി പ്രതി പത്മരാജനെ കേസില്‍നിന്ന് രക്ഷപ്പെടുത്താനുള്ള, ശാസ്ത്രീയ തെളിവുകളുടെ അഭാവമായിരിക്കില്ലേ രണ്ടാം കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് സൂചിപ്പിക്കുക. അതിനിടെ, കേസില്‍ പോക്‌സോ ചുമത്താമെന്ന നിയമോപദേശം ലഭിച്ചിട്ടും അതു മറികടന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാനുള്ള ശബ്ദം നാനാ ഭാഗങ്ങളില്‍നിന്നും മുഴങ്ങിക്കൊണ്ടേയിരിക്കണം. ജനകീയ പ്രതിഷേധത്തിനു മാത്രമേ ഇനി ആ അനാഥ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാനാകൂ.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ സങ്കുചിത താല്‍പര്യ സംരക്ഷണത്തിന് ഒറ്റക്കെട്ടാകാന്‍, അവരുടെ തത്വസംഹിതകളൊന്നും തടസമാകില്ലെന്നാണ് പാലത്തായി പീഡനക്കേസിലെ പ്രതി ബി.ജെ.പി നേതാവായ പത്മരാജന് ജാമ്യം കിട്ടാന്‍ സി.പി.എം ഭരിക്കുന്ന പൊലിസ് ചെയ്തു കൊടുത്ത സഹായത്തിലുടെ ബോധ്യമാകുന്നത്. ഈ നെറികേടിനെതിരേ നീതിയിലും നന്മയിലും വിശ്വസിക്കുന്നവരുടെ ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരേണ്ടത്. അല്ലാത്തപക്ഷം, സംഘ്പരിവാര്‍ പ്രതികളായ കൊടിഞ്ഞി ഫൈസല്‍ വധം പോലുള്ള കേസുകളിലെല്ലാം പ്രതികള്‍ക്കു രക്ഷപ്പെടാനുള്ള പഴുതുകള്‍ കണ്ടെത്തി നല്‍കിയ സംസ്ഥാന പൊലിസ് പാലത്തായിയിലെ അനാഥ ബാലികയുടെ കാര്യത്തിലും ഈ കീഴ്‌വഴക്കം ആവര്‍ത്തിച്ചു കൂടായ്കയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."