സിറ്റിയെ ഞെട്ടിച്ച് ടോട്ടനം; ലിവര്‍പൂളിന് ജയം
ടോട്ടനം 1 - 0 മാഞ്ചസ്റ്റര്‍ സിറ്റി
ലിവര്‍പൂള്‍ 2 - 0 എഫ്. സി പോര്‍ട്ടോ
ല@ണ്ടന്: ചാംപ്യന്‍സ് ലീഗിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ടോട്ടനത്തിനും ലിവര്‍പൂളിനും ജയം. ആദ്യ ക്വാര്‍ട്ടറില്‍ ടോട്ടനം എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിന് പോര്ട്ടോക്കെതിരേയായിരുന്നു ലിവര്‍പൂളിന്റെ ജയം.
ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ദക്ഷിണകൊറിയന്‍ താരം സന് ഹുന്‍ മിന്നാണ് ഗോള്‍ കണ്ടെത്തിയത്. 78-ാം മിനിട്ടില്‍ പിറന്ന ഏക ഗോളിന്റെ പിന്‍ബലത്തിലായിരുന്നു ടോട്ടനം ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ജയം സ്വന്തമാക്കിയത്.
പുതുതായി നിര്‍മിച്ച ഗ്രൗണ്ടില്‍ ടോട്ടനത്തിന്റെ രണ്ടാം മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്. കളിയുടെ 11-ാം മിനിട്ടില്‍ സിറ്റി താരം റഹീം സ്റ്റര്‍ലിങ്ങിന്റെ ഷോട്ട് ടോട്ടനം താരം ഡാനി റോസിന്റെ കൈയില്‍ തട്ടിയതിന് റഫറി സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത സെര്‍ജിയോ അഗ്യൂറോക്ക് പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് അഗ്യൂറോയുടെ കിക്ക് തടഞ്ഞിടുകയായിരുന്നു. ഇതോടെ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം സിറ്റി നഷ്ടപ്പെടുത്തി.
എവേ മത്സരത്തില്‍ സിറ്റിയെ സമനിലയില്‍ തളച്ചാലും ടോട്ടനത്തിന്റെ സെമി പ്രതീക്ഷകള്‍ സഫലമാകും. വിജയമുറപ്പിച്ചാണ് സിറ്റി ഇറങ്ങിയതെങ്കിലും അവസരങ്ങള്‍ മുതലാക്കാന്‍ സിറ്റിക്കായില്ല.
ഗോളടിവീരന്മാരായ അഗ്യൂറോയെയും സ്റ്റര്‍ലിങ്ങിനെയും ടോട്ടനം പൂട്ടിയിട്ടതോടെ സിറ്റിയുടെ ഗോളിലേക്കുള്ള മാര്‍ഗങ്ങള്‍ അടയുകയായിരുന്നു.
പോര്‍ട്ടോക്ക് മേല്‍ വ്യക്തമായ ആധിപത്യവുമായി ഇറങ്ങിയ ലിവര്‍പൂള്‍ അനായാസമാണ് ജയം കണ്ടെത്തിയത്. അഞ്ചാം മിനിട്ടില്‍ തന്നെ ആന്‍ഫീല്‍ഡിനെ ആവേശത്തിലാക്കി ലിവര്‍പൂള്‍ ആദ്യ ഗോള്‍ നേടി. നബി കെയ്റ്റയാണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടിയത്. ഇതോടെ ലിവര്‍പൂളിന് പോര്‍ട്ടോക്ക് മേല്‍ വ്യക്തമായ ആധിപത്യം കൈവന്നു. സമനില ഗോള്‍ നേടുന്നതിനായി പോര്‍ട്ടോക്ക് ഒറ്റപ്പെട്ട അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസരം മുതലാക്കാനായില്ല. നിരന്തരമായ മുന്നേറ്റങ്ങള്‍ക്കിടെ ബ്രസീല്‍ താരം ഫിര്‍മീഞ്ഞോയിലൂടെ ലിവര്‍പൂള്‍ രണ്ടാം ഗോളും നേടി ലീഡ് ഉയര്‍ത്തി. ഇതോടെ പോര്‍ട്ടോ സമ്മര്ദത്തിലാണ്ടു.
രണ്ടാം പകുതിയില്‍ മത്സരത്തിലേക്ക് തിരിച്ച് വരുന്നതിന് പോര്‍ട്ടോ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. ലീഡ് ഉയര്‍ത്താന്‍ ലിവര്‍പൂളും ശ്രമിച്ചുകൊണ്ടേയിരുന്നു. ലിവര്‍പൂള്‍-പോര്‍ട്ടോ, ടോട്ടനം-മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം പാദ മത്സരം 18ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."