തൊഴിലില്ലായ്മ ബി.ജെ.പിയുടെ സാധ്യത കെടുത്തും
ന്യൂഡല്‍ഹി: രാം ബരന്റെ ഫോണിലേക്ക് സുഹൃത്തുക്കളാരോ വിളിക്കുകയാണ്. 'റാം ലാല ഹം ആയേംഗാ, മന്ദിര്‍ വഹീ ബനായേംഗേ'..! (അര്‍ഥം: പ്രിയപ്പെട്ട രാമന്‍ വരും അവിടെ രാമക്ഷേത്രം നിര്‍മിക്കും). ഇത് രാംബരന്റെ മാത്രമല്ല, ഉത്തരേന്ത്യയിലെ മിക്ക ബി.ജെ.പി അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും റിങ് ടോണ്‍ കൂടിയാണ്. കൂലിപ്പണിക്കാരനായ രാം ബരനും സുഹൃത്തുക്കളുമെല്ലാം ബി.ജെ.പിയുടെ ശക്തരായ പ്രവര്‍ത്തകരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധകരുമാണ്. പക്ഷേ കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നല്‍കാത്തതില്‍ അവരെല്ലാം അസംതൃപ്തരാണ്.
'അവര്‍ ഞങ്ങളെ പരാജയപ്പെടുത്തി'- രാം ബരന്‍ പറഞ്ഞു.
രാവിലെ ഭക്ഷണപ്പൊതിയുമായി രണ്ടുബസ് കയറി 22 കിലോമീറ്റര്‍ അകലെയുള്ള ലഖ്‌നോയിലെ ചിന്‍ഹട്ട് വ്യവസായകേന്ദ്രത്തില്‍ എത്തിയിട്ടു വേണം രാം ബരന് ജോലി കണ്ടെത്താന്‍. അവിടെയെത്തിയാല്‍ അന്നേദിവസത്തേക്ക് ഒരു കൂലിപ്പണി മിക്കവാറും കിട്ടും. ലഖ്‌നോയിലെ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ നിന്ന് ജോലി നഷ്ടമായ ശേഷം രണ്ടുവര്‍ഷമായി അതുതന്നെയാണ് രാംബരന്റെ ജീവിതം. 2016 നവംബര്‍ എട്ടിന് ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനു ശേഷം അടച്ചുപൂട്ടുകയോ സാമ്പത്തിക പ്രതിസന്ധിയിലാവുകയോ ചെയ്ത രാജ്യത്തെ ആയിരക്കണക്കിന് ചെറുകിട- ഇടത്തരം സ്ഥാപനങ്ങളിലൊന്നാണ് രാം ബരന്‍ നേരത്തെ ജോലിചെയ്ത ശ്രീവാസ്തവ ഓട്ടോ മൊബൈല്‍സ്. നോട്ട് നിരോധനത്തോടെ കച്ചവടം കുത്തനെ ഇടിഞ്ഞതോടെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ഓട്ടോമൊബൈല്‍സ് ഉടമ പ്രതീപ്കുമാര്‍ ശ്രീവാസ്തവ നിര്‍ബന്ധിതനാവുകയായിരുന്നു. സ്ഥാപനം നടത്താന്‍ ഇപ്പോള്‍ തന്റെ കൈവശം പണമില്ലെന്ന് പ്രതീപ്കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
ശ്രീവാസ്തവയില്‍ ജോലിചെയ്യുമ്പോള്‍ 12,000 രൂപയായിരുന്നു രാംബരന്റെ പ്രതിമാസ ശമ്പളം, വിദ്യാഭ്യാസയോഗ്യതയില്ലാത്ത ഒരു ഉത്തരേന്ത്യക്കാരന് പരമാവധി ലഭിക്കുന്ന പ്രതിമാസ ശമ്പളമാണിത്. നോട്ട് നിരോധനത്തോടെ എന്റെ മുതലാളി ഇനി വരേണ്ടെന്ന് അറിയിച്ചു- രാംബരന്‍ പറഞ്ഞു. ഞങ്ങളുടെത് നല്ല മുതലാളിയായിരുന്നു. ഞങ്ങളെ പറഞ്ഞുവിടാന്‍ മുതലാളിക്ക് ആഗ്രഹമില്ലായിരുന്നു. പക്ഷേ ഞങ്ങള്‍ക്കു ശമ്പളം തരാന്‍ അദ്ദേഹത്തിന്റെ കൈവശം പണമില്ലായിരുന്നു- രാംബരന്‍ കൂട്ടിച്ചേര്‍ത്തു.
യു.പിയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നായ ചിന്‍ഹട്ടില്‍ മാത്രം 3,000 പേര്‍ക്കാണ് നോട്ട് നിരോധനംമൂലം തൊഴില്‍ നഷ്ടമായത്. ഇവരില്‍ എന്‍ജിനീയര്‍മാര്‍, ബിരുദാനന്തര ബിരുദധാരികള്‍ എന്നിവരുമുണ്ട്. ഇങ്ങനെ തൊഴില്‍ നഷ്ടപ്പെട്ടവരാവട്ടെ ലഖ്‌നോയിലും അയല്‍ജില്ലകളായ സിതാപൂര്‍, ഹര്‍ദോയ്, റായ്ബറേലി, ബാരബങ്കി എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. ഇവരില്‍ പലര്‍ക്കും പിന്നീടൊരു ജോലി ശരിയായിട്ടില്ല.
രാംബരനെ പോലെ വാഹനങ്ങളില്‍ കയറി ദിവസക്കൂലിക്കായുള്ള ഓട്ടത്തിലാണിവരെല്ലാം. നാലുലക്ഷത്തോളം തൊഴിലന്വേഷകരാണ് ലഖ്‌നോയില്‍ മാത്രമുള്ളതെന്നും എന്നാല്‍, അതില്‍ 40 ശതമാനം പേര്‍ക്കു മാത്രമെ ജോലി കണ്ടെത്താനായിട്ടുള്ളൂവെന്നും തൊഴിലാളി നേതാവ് ആശിശ് അശ്വതി പറഞ്ഞു.
80 ലോക്‌സഭാ സീറ്റുകളാണ് യു.പിയിലുള്ളത്. ഇതില്‍ 71ലും വിജയിച്ച ബി.ജെ.പി 2014ല്‍ ഈ ബലത്തോടെ തനിച്ച് അധികാരത്തിലേറുകയുംചെയ്തു. രാമക്ഷേത്ര നിര്‍മാണമെന്ന വാഗ്ദാനം വിശ്വസിച്ചാണ് മറ്റേതൊരു ഉത്തരേന്ത്യന്‍ ഹൈന്ദവവിശ്വാസിയെയും പോലെ രാംബരനും മോദിക്കു വോട്ട്‌ചെയ്തത്. 2016ല്‍ കള്ളപ്പണത്തെ ലക്ഷ്യംവച്ചെന്ന് അവകാശപ്പെട്ട് നോട്ട് നിരോധിച്ച മോദിയുടെ നടപടിയില്‍ സന്തോഷം തോന്നി. എന്നാല്‍, അത് തന്റെ ജീവിതത്തെ മാറ്റിമറിച്ചെന്ന് രാംബരന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. നോട്ട് നിരോധനത്തിന്റെ ദീര്‍ഘകാല ഗുണത്തെ കുറിച്ച് എനിക്കറിയില്ല, പക്ഷേ, അതുകാരണം ജോലിനഷ്ടമായതിനാല്‍ എന്റെ കുടുംബവരുമാനത്തെ ബാധിച്ചു- രാംബരന്‍ പറഞ്ഞു. ഏതുജോലികിട്ടിയാലും ചെയ്യാന്‍ തയ്യാറാണെന്ന് രാംബരന്‍ പറയുന്നു, ലഖ്‌നോയിലും ഉത്തരേന്ത്യയിലും ജോലിക്കായി അലയുന്ന ആയിരക്കണക്കിനു പേര്‍ക്കും ഇതേ നിലപാട് തന്നെയാണ്. നിത്യവൃത്തിക്കായി എന്തുജോലിയും ചെയ്യാന്‍ തയ്യാറാണ്. ശരാശരി 300 രൂപയാണ് പ്രതിദിനം രാംബരന് ലഭിക്കുക. ഇക്കാരണത്താല്‍ നോട്ട് നിരോധനത്തോടെ അദ്ദേഹത്തിന്റെ വരുമാനത്തില്‍ പകുതിയോളം കുറവുണ്ടായി. ഇപ്പോള്‍ ആറായിരം മുതല്‍ എണ്ണായിരം വരെയാണ് രാംബരന്റെ വരുമാനം.
സമാജ് വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകരായ സഹോദരങ്ങളും മാതാപിതാക്കളും അടങ്ങുന്ന തന്റെ കുടുംബത്തെ ഒന്നടങ്കം ബി.ജെ.പിക്കു വോട്ട്‌ചെയ്യാന്‍ നിര്‍ബന്ധിപ്പിച്ച മുകേഷ് യാദവും (28) ഇന്ന് അസംതൃപ്തിയിലാണ്. രാമക്ഷേത്രം നിര്‍മിക്കും, 15 ലക്ഷം രൂപ അക്കൗണ്ടില്‍ ഇടും എന്നീ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് മുകേഷ് ബി.ജെ.പിക്കു വേണ്ടി പ്രചാരണം നടത്തിയത്. നോട്ട് നിരോധനത്തെത്തുടര്‍ന്ന് തന്റെ വരുമാനത്തില്‍ മൂന്നിലൊന്ന് ഇടിവുണ്ടായതായി പറഞ്ഞ മുകേഷ്, ഇനിയൊരിക്കലും ബി.ജെ.പിക്കു വേണ്ടി വോട്ട ്‌ചെയ്യില്ലെന്നും വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിക്കിലെന്നും തറപ്പിച്ചുപറയുന്നു.
20 കോടിയാളുകള്‍ വസിക്കുന്ന ഉത്തര്‍പ്രദേശ്, രാജ്യത്ത് ഏറ്റവുമധികം നിരക്ഷരരും പാവപ്പെട്ടവരും ഉള്ള സംസ്ഥാനം കൂടിയാണ്. നിരക്ഷരതയില്‍ 29 ആണ് യു.പിയുടെ സ്ഥാനം. സംസ്ഥാനത്ത് 24 വയസിനു താഴെ പ്രായമുള്ള പകുതിയോളം പേരും തൊഴില്‍രഹിതരാണെന്ന് ലഖ്‌നോ ആസ്ഥാനമായ രാഷ്ട്രീയ നിരീക്ഷകന്‍ രുദ്രപ്രതാപ് ദുബേ പറഞ്ഞു.തൊഴില്‍രാഹിത്യം രൂക്ഷമായതിനാല്‍ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഗവേഷകര്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ പ്യൂണ്‍, സ്വീപര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നുണ്ട്. ഭീകരമായ തൊഴിലില്ലായ്മ പരിഹരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ എന്നീ രണ്ടു പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും വിജയിച്ചില്ല.
ഉത്തര്‍പ്രദേശിലെ രാംബരനെയും മുകേഷിനെയും പോലെ തന്നെയാണ് 2014ല്‍ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയ രാജസ്ഥാന്‍, മധ്യപ്രദേശ്, മാഹാരഷ്ട്ര, ചത്തിസ്ഗഡ്, ബിഹാര്‍ എന്നിവിടങ്ങളിലെയും അവസ്ഥ. യാതൊരു ആസൂത്രണവുമില്ലാതെ നോട്ട് നിരോധിച്ചതും പിന്നാലെ മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതും പതിനായിരങ്ങളുടെ തൊഴിലിനെയാണ് ഈ സംസ്ഥാനങ്ങളില്‍ ബാധിച്ചത്. കര്‍ഷകരുടെ രോഷം ഇതിനു പുറമെയാണ്.
മോദിയുടെ അതിദേശീയതയിലും പക് മണ്ണിലെ തീവ്രവാദ ക്യാംപുകളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളും യുവാക്കള്‍ക്ക് മോദിയോടുള്ള താല്‍പ്പര്യം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കിതുവരെ തൊഴില്‍ ലഭിച്ചിട്ടില്ലെന്ന് രുദ്രപ്രതാപ് പറഞ്ഞു.
മധ്യവര്‍ഗം, പ്രത്യേകിച്ച് അടിസ്ഥാനവര്‍ഗ ജനവിഭാഗം ബി.ജെ.പി സര്‍ക്കാരിന്റെ പ്രകടനത്തില്‍ അതീവ അസന്തുഷ്ടരാണ്. ഇനി ഇത്തരം യുവാക്കള്‍ ബി.ജെ.പിക്ക് വോട്ട്‌ചെയ്താലും അവരുടെ മാതാപിതാക്കളുടെ വോട്ടുകള്‍ ബി.ജെ.പിക്കു ലഭിച്ചേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."