മുസോടി അദീക്കയില്‍ കടല്‍ക്ഷോഭം; രണ്ടു വീടുകള്‍ തകര്‍ന്നു
ഉപ്പള: മുസോടി അദീക്കയില്‍ കടല്‍ക്ഷോഭം ശക്തമായി. ഇതേ തുടര്‍ന്ന് രണ്ടു വീടുകള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കടല്‍ക്ഷോഭത്തില്‍ അദീക്കയിലെ യര്‍മുള്ള, മറിയമ്മ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ രണ്ടുദിവസമായി ഏറെ ഭീതിയിലാണ് കഴിയുന്നത്. പതിനഞ്ചു വീടുകള്‍ ഏതുസമയവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. ഇരുപതോളം തെങ്ങുകള്‍ക്കും കടലാക്രമണത്തില്‍ നാശം നേരിട്ടു.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് അഞ്ചു മീറ്റര്‍ കര കടലെടുത്തതിനാല്‍ ഒട്ടനവധി വീടുകളാണ് ഭീഷണി നേരിടുന്നത്. വരും ദിവസങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായാല്‍ പ്രദേശവാസികള്‍ക്ക് ഇവിടം വിട്ടൊഴിയേണ്ടി വരും.
കഴിഞ്ഞ കാലങ്ങളില്‍ കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നല്കാന് അധികൃതര്‍ തയാറായിട്ടില്ലെന്ന് കടലോരവാസികള്‍ പറയുന്നു. അതിനിടെ അദീക്ക കടപ്പുറം നിരന്തരം കടലാക്രമണ ഭീഷണിയിലാകുമ്പോഴും ഈ പ്രദേശത്തെ വീടുകള്‍ക്കും ആളുകള്‍ക്കും സുരക്ഷിതത്വം നല്‍കുന്നതിനുള്ള സ്ഥിര സംവിധാനം അധികൃതര്‍ ഒരുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞ വര്‍ഷവും അതിനു മുമ്പത്തെ വര്‍ഷങ്ങളിലും അദീക്ക കടപ്പുറത്ത് ഒട്ടനവധി വീടുകള്‍ കടലാക്രമണത്തില്‍ തകരുകയും പലര്‍ക്കും കനത്ത സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷമുണ്ടായ കടലാക്രമണത്തിലും ഓഖി ചുഴലിയിലും അദീക്ക കടപ്പുറത്ത് കനത്ത കടലാക്രമണമാണുണ്ടായത്. പ്രദേശത്തെ ആളുകളെ സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റിയ അധികൃതര്‍ കടലാക്രമണ ഭീഷണി നേരിടാന്‍ സ്ഥിരമായ സംവിധാനം ഉണ്ടാക്കുമെന്ന് അന്ന് അധികൃതര്‍ പറഞ്ഞിരുന്നു.
കടലാക്രമണങ്ങള്‍ സംഭവിച്ച് നാശനഷ്ടങ്ങള്‍ ഏറി ആളുകള്‍ കടുത്ത ദുരിതം നേരിടുമ്പോള്‍ ഓടിയെത്തുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശത്തു നിന്നു തിരികെ പോയാല്‍ വാഗ്ദാനങ്ങള്‍ പാടെ മറക്കുന്നതായി അദീക്ക പ്രദേശത്തെ ജനങ്ങള്‍ പറയുന്നു.
ജില്ലയില്‍ കനത്ത കാറ്റും മഴയും ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ അദീക്ക പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ഭീതിയിലാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."