കെ.എസ്.ആര്.ടി.സി അപ്പീല്‍ നല്‍കും
തിരുവനന്തപുരം: താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ കെ.എസ്.ആര്.ടി.സി സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും. ഗതാഗത സെക്രട്ടറി, കെ.എസ്.ആര്.ടി.സി എം.ഡി, നിയമ സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗമാണ് അപ്പീല്‍ നല്കാന് തീരുമാനിച്ചത്.
1,565 താല്‍ക്കാലിക ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇത് നടപ്പാക്കിയാല്‍ പ്രതിദിനം അറുന്നൂറോളം സര്‍വിസുകള്‍ മുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുമ്പോഴുള്ള ഒഴിവിലേക്കാണ് താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയോഗിക്കുന്നത്. ഇത് സുപ്രിംകോടതിയെ ബോധ്യപ്പെടുത്തും. അഡ്വക്കറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാന്‍ കെ.എസ്.ആര്.ടി.സി എം.ഡിയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടപ്പോള്‍ പി.എസ്.സി ലിസ്റ്റില്‍ നിന്ന് ഉടന്‍ നിയമനം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡ്രൈവര്‍മാരുടെ കാര്യത്തില്‍ പി.എസ്.സി ലിസ്റ്റ് നിലവിലില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."