യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കൈക്ക് മുറിവേറ്റനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ വീടിനു സമീപത്ത് കൈക്ക് മുറിവേറ്റ നിലയില്‍ കണ്ടെത്തി. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അവശനിലയിലായ അദ്ദേഹത്തെ പൊലിസ് ആശുപത്രിയിലേക്ക് മാറ്റി.
അന്വേഷണം ശക്തമാകുന്നതിനിടെ തുമ്പയിലെ ഭാര്യവീട്ടില്‍ നിന്ന് 16ന് രാത്രി മുതലാണ് ജയ്‌ഘോഷിനെ കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ ജയ്‌ഘോഷിനെ വീടിന് സമീപമുള്ള പറമ്പില്‍ കണ്ടെത്തിയത്. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയഘോഷ് നാട്ടുകാര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് പറഞ്ഞു.
ജയ്‌ഘോഷിനെ കൊവിഡ് ടെസ്റ്റിനു വിധേയമാക്കിയ ശേഷം മൊഴിയെടുക്കും. മജിസ്‌ട്രേറ്റായിരിക്കും മൊഴി രേഖപ്പെടുത്തുക. പരുക്ക് ആഴത്തിലുള്ളതല്ല. കൈത്തണ്ട മുറിക്കാനുപയോഗിച്ച ബ്ലേഡ് വിഴുങ്ങിയെന്നും ജയ്‌ഘോഷ് പറഞ്ഞിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എയും കസ്റ്റംസും ചോദ്യം ചെയ്യുമെന്ന ഭയം ജയ്‌ഘോഷിന് ഉണ്ടായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് 16ന് പൊലിസ് തിരികെ വാങ്ങിയിരുന്നു.
ജയ്‌ഘോഷിനെ കാണാനില്ലെന്ന് ഭാര്യ തുമ്പ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം എ.ആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായ ജയ്‌ഘോഷ് മൂന്ന് വര്‍ഷമായി യു.എ.ഇ കോണ്‍സുലേറ്റിലാണ് ജോലി ചെയ്യുന്നത്. നയതന്ത്ര പാഴ്‌സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം പ്രതി സ്വപ്ന ഒട്ടേറെ തവണ ജയ്‌ഘോഷിനെ വിളിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുമായും സരിത്തുമായും ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ജയ്‌ഘോഷില്‍ നിന്ന് കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലും ജോലി ചെയ്തിട്ടുള്ള ജയ്‌ഘോഷിന് ഭീഷണിയുണ്ടെന്നും ചിലര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായും ജയ്‌ഘോഷ് പറഞ്ഞിരുന്നതായി ബന്ധു പറഞ്ഞു. ഒരു ഫോണ്‍കോള്‍ വന്നയുടന്‍ ജയ്‌ഘോഷ് പുറത്തിറങ്ങിയെന്നും പിന്നീട് കാണാതായെന്നും സഹോദരീ ഭര്‍ത്താവ് പറഞ്ഞു. ബൈക്കിലെത്തിയ ചിലര്‍ നാലു ദിവസം മുന്‍പ് ഭീഷണിപ്പെടുത്തിയെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജയ്‌ഘോഷ് പറഞ്ഞെന്നുമായിരുന്നു സഹോദരന്റെ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."