അമിത്ഷായുടെ പ്രസംഗം കേരളത്തെ അപമാനിക്കുന്നതെന്ന് വേണുഗോപാല്‍
കല്‍പ്പറ്റ: വയനാടിനെ പാകിസ്താനോട് ഉപമിച്ചുകൊണ്ടുള്ള അമിത്ഷായുടെ പ്രസംഗം കേരളത്തെ അപമാനിക്കുന്നതെന്ന് എ.ഐ.സി.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
വീരപഴശ്ശിയുടെ കര്‍മഭൂമിയായ വയനാടിന്റെ പാരമ്പര്യം അമിത്ഷാക്ക് അറിയില്ല. പാകിസ്താനില്‍ ക്ഷണിക്കാതെ ചായകുടിക്കാന്‍ പോയയാളാണ് മോദി.
വയനാട്ടില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിക്ക് സിവില്‍ സര്‍വിസ് പരീക്ഷയില്‍ റാങ്ക് ലഭിച്ചപ്പോള്‍ ഒരുമിച്ച് ആഘോഷിച്ചവരാണ് നാം. അമിത്ഷായുടെ അന്ധത നിറഞ്ഞ കണ്ണുകള്‍ക്ക് ഇത്തരം കാഴ്ചകള്‍ കാണാന്‍ സാധിക്കില്ല. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് റിവ്യൂ ഹരജി പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിഷയത്തില്‍ അഴിമതി നടന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.
നോട്ട് നിരോധനത്തിന്റെ പേരിലും വന്‍ അഴിമതിയാണ് നടന്നത്. രണ്ടുകോടി തൊഴിലവസരം ഉണ്ടാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി യുവാക്കളുടെ ഉള്ള ജോലിയും ഇല്ലാതാക്കി.
കോടീശ്വരന്മാരുടെ കടങ്ങള്‍ എഴുതിത്തള്ളിയ സര്‍ക്കാര്‍ കൃഷിക്കാര്‍ക്കായി ഒന്നും ചെയ്തില്ല. ദലിത് സമൂഹം നേരിടുന്ന പ്രശ്‌നങ്ങളിലും സ്ത്രീ സുരക്ഷയടക്കമുള്ള കാര്യങ്ങളിലും മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്.
ലോക്‌സഭയില്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി മൗനംപാലിക്കുകയായിരുന്നു. ഇപ്പോള്‍ അത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണ്.
കേരളത്തിലെ മൂന്നുവര്‍ഷത്തെ ഇടതുഭരണം ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കുന്നതാണ്. സര്‍ക്കാരിന്റെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനുമുള്ള മറുപടി കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്. പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തും. ജ്യോതിരാധിത്യ സിന്ധ്യ, സച്ചില്‍ പൈലറ്റ്, നവജ്യോത് സിങ് സിദ്ദു തുടങ്ങിയ നേതാക്കളും വയനാട്ടില്‍ പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിത്ഷായുടെ
പരാമര്‍ശം
ആപല്‍ക്കരം: മുല്ലപ്പള്ളി
കാസര്‍കോട്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വയനാടിനെ പാകിസ്താനോട് ഉപമിച്ച് നടത്തിയ പരാമര്‍ശം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ആപല്‍ക്കരമായ നീക്കമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോ കണ്ടാല്‍ അത് ഇന്ത്യയിലാണോ പാകിസ്താനിലാണോയെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
വയനാട്ടില്‍ നിലനില്‍ക്കുന്ന സമാധാനവും ഐക്യവും തകര്‍ക്കാനുള്ള നീക്കമാണ് അമിത്ഷാ നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."