ഞെക്കാട് സ്‌കൂള്‍ സമ്പൂര്‍ണ ഹൈടെക് ആയി
ഞെക്കാട്: ഞെക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 43 ഹൈടെക് ക്ലാസ് മുറികള്‍ മന്ത്രി പ്രൊഫ. സി. രവീന്ദനാഥ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ എം.എല്‍.എ അഡ്വ. ബി. സത്യന്‍ അധ്യക്ഷനായി. പൂര്‍ണമായും ബഹുജന പങ്കാളിത്തത്തോടെയാണ് ക്ലാസ് മുറികളുടെ നവീകരണം നടന്നത്.
ഇതോടെ ഞെക്കാട് സ്‌കൂളിലെ 5 മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആയി മാറി. ഉദ്ഘാടനത്തിനെത്തിയ മന്ത്രി പത്താം ക്ലാസിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു. പൊതുവിദ്യാലയങ്ങളിലെ ഹൈടെക് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം രക്ഷിതാക്കളോട് സംസാരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടുപയോഗിച്ച നാലു കോടി രുപ ചെലവില്‍ സ്‌കൂളില്‍ നിര്‍മിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ഹൈസ്‌കൂള്‍ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്തി നിര്‍വഹിച്ചു. വികസനത്തിന്റെ നിശബ്ദ വിപ്ലവമാണ് ഞെക്കാട് നടന്നുകൊണ്ടിരിക്കുന്നതെന്ന് ബി. സത്യന്‍ എം.എല്‍.എ പറഞ്ഞു.
ഞെക്കാട് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും തിരുവനന്തപുരം ലോര്‍ഡ്‌സ് ഹോസ്പിറ്റല്‍ ചെയര്‍മാനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഡോ. കെ.പി ഹരിദാസിനേയും ഹൈടെക് സ്‌കൂളാക്കി മാറ്റാന്‍ നേതൃത്വം വഹിച്ച ഹെഡ്മാസ്റ്റര്‍ കെ.കെ സജീവിനേയും മന്ത്രി ആദരിച്ചു. ഉയര്‍ന്ന എസ്.എസ്.എല്‍.സി റിസല്‍ട്ട് കരസ്ഥമാക്കിയതിന് കുട്ടികളേയും അധ്യാപകരേയും അദ്ദേഹം അഭിനന്ദിച്ചു.
ക്ലാസ് മുറികള്‍ നവീകരിക്കാന്‍ സംഭാവനകള്‍ നല്‍കിയ പൂര്‍വ വിദ്യാര്‍ഥികളെ ഡോ. എ. സമ്പത്ത് എം.പി മൊമന്റോകള്‍ നല്‍കി ആദരിച്ചു. സ്‌കൂള്‍ നിര്‍മിച്ച ഡോക്യുമെന്റേഷന്‍ സിഡിയുടെ പ്രകാശനം ബ്ലോക്ക് പ്രസിഡന്റ് എം.കെ യൂസഫ് നിര്‍വ്വഹിച്ചു.
വര്‍ക്കല എം.എല്‍.എ അഡ്വ. വി. ജോയ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ് രാജീവ്, ഒറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം, വാര്‍ഡ് മെംബറും വികസന സമിതി ചെയര്‍മാനുമായ എന്‍. അജി, കൈറ്റ് റീജിയനല്‍ കോര്‍ഡിനേറ്റര്‍ ബി. ജീവരാജ്, പി.ടി.എ പ്രസിഡന്റ് കെ. ഷാജികുമാര്‍, എസ്.എം.സി ചെയര്‍മാന്‍ എന്‍. ജയപ്രകാശ്, പ്രിന്‍സിപ്പല്‍ ആര്‍.പി ദിലീപ്, പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി എസ്. ലാജി, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി. ദിലീപ് കുമാര്‍, ഡെപ്യൂട്ടി എച്ച്.എം ഗീത പി.എസ്, സ്റ്റാഫ് സെക്രട്ടറി ഉല്ലാസ് മുഹമ്മദ്, സ്വാഗത സംഘം ചെയര്‍മാന്‍ വി. സത്യരാജന്‍ പ്രസംഗിച്ചു.
മൂവായിരത്തോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും പൂര്‍വാധ്യാപകരും നാട്ടുകാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."