HOME
DETAILS
MAL
ഓഗസ്റ്റ് പത്തോടെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം: രാഹുല്‍
backup
July 18 2020 | 03:07 AM
മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കൃത്യവും ദൃഢവുമായ ആസൂത്രണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും രാഹുല്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തോത് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഓഗസ്റ്റ് പത്താകുന്നതോടെ ഇന്ത്യയില്‍ രോഗികളുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രതികരണം. മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കൃത്യവും ദൃഢവുമായ ആസൂത്രണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
മോദി സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള മറ്റൊരു വിഡിയോയും രാഹുല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇന്ത്യയുടെ വിദേശനയം, അയല്‍ക്കാരുമായുള്ള ബന്ധം, സമ്പദ്‌വ്യവസ്ഥ എന്നിവയിലുണ്ടായ പ്രശ്‌നമാണ് യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണത്തിനു പിന്നിലെന്ന് രാഹുല്‍ വിഡിയോയില്‍ കുറ്റപ്പെടുത്തി. 2014 മുതല്‍ പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയും അടിസ്ഥാനപരമായി ഇന്ത്യയെ ദുര്‍ബലമാക്കുകയും നമ്മെ അരക്ഷിതരാക്കുകയും ചെയ്തു. ഭൂമിശാസ്ത്രപരമായ രാഷ്ട്രതന്ത്രത്തിന്റെ ലോകത്ത് വീരസ്യം പറഞ്ഞതുകൊണ്ട് കാര്യമില്ല.
ഒരു രാജ്യം അതിന്റെ വിദേശബന്ധങ്ങളാലും സമ്പദ്‌വ്യവസ്ഥയാലും സംരക്ഷിക്കപ്പെടുന്നു. അവിടുത്തെ ജനങ്ങളുടെ വികാരവും കാഴ്ചപ്പാടും അതിനെ സംരക്ഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷം എന്താണ് സംഭവിച്ചത്? ഈ മേഖലകളിലെല്ലാം രാജ്യത്തെ അസ്വസ്ഥതപ്പെടുത്തുകയും തടസ്സങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യക്ക് യു.എസുമായും റഷ്യയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും തന്ത്രപരമായ ബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഇപ്പോള്‍ ഒരു അനുഷ്ഠാനം മാത്രമായി മാറി.
നേരത്തെ നേപ്പാളും ഭൂട്ടാനും ശ്രീലങ്കയും നമ്മുടെ സുഹൃത്തുക്കളായിരുന്നു. പാകിസ്താനൊഴികെ എല്ലാ അയല്‍ രാജ്യങ്ങളും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാലിപ്പോള്‍ നേപ്പാള്‍ നമ്മോട് ദേഷ്യത്തിലാണ്. നേപ്പാളി ജനതയോട് സംസാരിക്കുമ്പോള്‍ അവര്‍ പ്രകോപിതരാണ്. ശ്രീലങ്ക ഒരു തുറമുഖം തന്നെ ചൈനയ്ക്കു വിട്ടുകൊടുത്തിരിക്കുകയാണ്. നമ്മുടെ അയല്‍ക്കാരെയെല്ലാം നമ്മള്‍ അസ്വസ്ഥരാക്കി. അവരുമായുള്ള ബന്ധങ്ങള്‍ തടസ്സപ്പെടുത്തിയെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."