സി.പി.എമ്മിനോട് 10 ചോദ്യവുമായി ലീഗ്
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പ്രസ്താവനക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റില്‍ 10 ചോദ്യങ്ങളുമായി മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി. സി.പി.എം-എസ്.ഡി.പി.ഐ ബാന്ധവത്തെക്കുറിച്ച് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തന്റെ ലേഖനത്തിലൂടെ നുണപ്രചാരണം നടത്തുകയാണെന്ന് ആക്ഷേപിക്കുന്ന പി. ജയരാജന് പൊതുസമൂഹത്തിനു മുമ്പാകെ മറുപടി പറയണമെന്ന ആവശ്യവുമായാണു ചോദ്യങ്ങള്‍.
നാറാത്ത് കേസിന് ആധാരമായ എസ്.ഡി.പി.ഐ ഓഫിസായ തണല്‍ സി.പി.എം പ്രാദേശിക നേതാവായ കെ.വി മേമി ഉദ്ഘാടനം ചെയ്തത് എന്തിനായിരുന്നെന്നും കോടിയേരി ബാലകൃഷ്ണന് തലശ്ശേരിയില്‍നിന്ന് നിയമസഭയിലേക്കു മത്സരിക്കുമ്പോള്‍ എസ്.ഡി. പി.ഐ മുഖപത്രത്തില്‍ പരസ്യം നല്‍കിയത് ആരുടെ വോട്ട് സമാഹരിക്കാനായിരുന്നെന്നും കരീം ചോദിച്ചു. മാട്ടൂല്‍ പഞ്ചായത്തില്‍ ചെറിയ മത്സര സാധ്യതയുള്ള വാര്‍ഡുകളില്‍ പരസ്പരം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ തീര്‍ത്തും പരാജയപ്പെടുമെന്ന് തോന്നുന്ന വാര്‍ഡുകളില്‍ മാത്രം സി.പി.എമ്മും എസ്.ഡി.പി.ഐയും സൗഹൃദ മത്സരം നടത്തിയിരുന്നില്ലേയെന്നും കാര്‍ തടഞ്ഞെന്നാരോപിച്ച് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ ഗൂഢാലോചനയില്‍ പങ്കാളിയായ ജയരാജന്, കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ തന്റെ വാഹനം തടഞ്ഞ എസ്.ഡി.പി.ഐക്കാരെ പൊലിസ് വിട്ടയച്ചത് എന്തു ധാരണയുടെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണമെന്നും ലീഗ് നേതാവ് ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."