കണ്ടങ്കാളി ഷേണായ് സ്‌കൂളിലേക്ക് സംസ്ഥാന അവാര്‍ഡ്
പയ്യന്നൂര്‍: ജില്ലയിലെ ഏറ്റവും മികച്ച എന്‍.എസ്.എസ് യൂനിറ്റ്, പ്രോഗ്രാം ഓഫിസര്‍, വളണ്ടിയര്‍ എന്നീ ഇനങ്ങളില്‍ നല്‍കിവരുന്ന സംസ്ഥാന അവാര്‍ഡ് ഇത്തവണ കണ്ടങ്കാളി ഷേണായ് സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി യൂനിറ്റിന്. 2006ല്‍ സ്ഥാപിതമായ യൂനിറ്റിന് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച പ്രോഗ്രാം ഓഫിസര്‍ക്കുള്ള അവാര്‍ഡ് കോറോം സ്വദേശിയും പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനുമായ വി.വി ബിജുവിന് ലഭിച്ചു. വളണ്ടിയര്‍ക്കുള്ള അവാര്‍ഡ് മാവിച്ചേരി സ്വദേശി കെ. മാളവിക നേടി. സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റിയ ലൈക്ക് ഷോര്‍ട് ഫിലിം, കലക്ടറുടെ നേതൃത്വത്തില്‍ നടന്ന പെരുമ്പ പുഴ സംരക്ഷണ യജ്ഞത്തിലെ പങ്കാളിത്തം, പുഴയോര സംരക്ഷണം, കുഞ്ഞിമംഗലത്തെ ഗോപാല്‍ യു.പി സ്‌കൂള്‍ ലൈബ്രറി സാമൂഹ്യവിരുദ്ധര്‍ അഗ്‌നിക്കിരയാക്കിയപ്പോള്‍ പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്, പയ്യന്നൂര്‍ തെരു കസ്തൂര്‍ബാ വായനശാല, കണ്ടോത്ത് പാട്യം വായനശാല, കണ്ടങ്കാളി വായനശാല എന്നിവയ്ക് 2.5 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കിയത്, തെരു, കാനം, കുന്നപ്പാട് അങ്കണവാടികള്‍ക്ക് 1500 കളിപ്പാട്ടങ്ങളും 1000 കുട്ടികളുടെ പുസ്തകങ്ങള്‍ നല്‍കിയതും യൂനിറ്റിന്റെ എടുത്തുപറയേണ്ട പ്രവര്‍ത്തനങ്ങളായി. നിരവധിയിടങ്ങളില്‍ ആരോഗ്യ ക്യാംപുകളും യൂനിറ്റ് സംഘടിപ്പിച്ചു. നിര്‍ധനരായ കണ്ടങ്കാളിയിലെ രണ്ടുപേര്‍ക്ക് സ്‌നേഹസമ്മാനമായി രജതഭവനം നിര്‍മിച്ചു നല്‍കി. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ ആളുകളെ അംഗങ്ങളാക്കിയുള്ള രക്തഗ്രൂപ്പ് ഡയറക്ടറിയും രൂപീകരിച്ചു. പ്രിന്‍സിപ്പല്‍ ടി.പി സക്കറിയ, പി.ടി.എ പ്രസിഡന്റ് ഒ. നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വി.വി ബിജുവും വളണ്ടിയര്‍ ലീഡര്‍ കെ. മാളവികയും 100 വളണ്ടിയര്‍മാരുമാണ് മികവാര്‍ന്ന പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കിയത്. അവാര്‍ഡ് വിതരണം പിന്നീട് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."