സോണിയക്കും പ്രിയങ്കയ്ക്കുമൊപ്പമെത്തി രാഹുല്‍ അമേത്തിയില്‍ പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമ്മ സോണിയാ ഗാന്ധി, സഹോദരി പ്രിയങ്കാ ഗാന്ധി, പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയ ശേഷമാണ് അദ്ദേഹം പത്രികാ സമര്‍പ്പണത്തിനെത്തിയത്. ട്രക്കില്‍ റോഡ് ഷോ നടത്തിയ രാഹുലിനെ കാണാനായി റോഡിന് ഇരുവശവും ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്.
ഇത് നാലാമത്തെ തവണയാണ് രാഹുല്‍ ഗാന്ധി അമേത്തിയില്‍ നിന്നും ജനവിധി തേടുന്നത്. ഗാന്ധി കുടുംബത്തിനെ എന്നും തുണച്ചിട്ടുള്ള മണ്ഡലത്തില്‍ പിതാവ് രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004ലാണ് ആദ്യമായി രാഹുല്‍ ഗാന്ധി അമേത്തിയില്‍നിന്ന് മല്‍സരിക്കുന്നത്.
2014 തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്. സ്മൃതി ഇറാനി തന്നെയാണ് ഇത്തവണയും രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുക.
അമേത്തിയെ കൂടാതെ രാഹുല്‍ ഇത്തവണ വയനാട്ടില്‍ നിന്നും മല്‍സരിക്കുന്നൂ എന്ന പ്രത്യേകതയുമുണ്ട്. അച്ഛന്റെ കര്‍മ്മഭൂമിയായിരുന്നു അമേത്തിയെന്നും ഞങ്ങള്‍ക്കിത് പവിത്ര ഭൂമിയാണന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, പത്രികാസമര്‍പ്പണത്തിനു ശേഷം രാഹുലുമായുള്ള വൈകാരികബന്ധം വിശദീകരിച്ച് പ്രിയങ്ക ട്വിറ്ററില്‍ കുറിപ്പിട്ടു. ചില ബന്ധങ്ങള്‍ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ഭായിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കുടുംബം മുഴുവന്‍ ഒപ്പമുണ്ടായിരുന്നു. ഇതെന്റെ അച്ഛന്റെ കര്‍മ്മഭൂമിയാണ്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു വിശുദ്ധഭൂമിയാണ്'- പ്രിയങ്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."