ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ്: ടീമിനെ പ്രഖ്യാപിക്കാതെ ഇന്ത്യ
മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാതെ ബി.സി.സി.ഐ. ഇന്നലെയായിരുന്നു ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തിയതി. നിലവിലെ ചാംപ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തില്‍ ബാക്കി ഏഴ് ടീമുകളും 15 അംഗ സംഘത്തെ പ്രഖ്യാപിച്ച് കഴിഞ്ഞു. പാകിസ്താന് ഇന്നലെ ടീമിനെ പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി (ഐ.സി.സി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ശീത സമരത്തിലാണ്. റവന്യൂ വരുമാനം പങ്ക് വയ്ക്കുന്നതിലടക്കം നിലനില്‍ക്കുന്ന ഭിന്നതയുടെ പുറത്താണ് സമ്മര്‍ദ തന്ത്രമെന്ന നിലയില്‍ ഇന്ത്യന്‍ ബോര്‍ഡിന്റെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ 18 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഫലത്തില്‍ ഇന്ത്യന്‍ ടീമിന് പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതേസമയം ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കാണികളെ ആകര്‍ഷിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കാണാന്‍ അവസരമില്ലെങ്കില്‍ ടൂര്‍ണമെന്റ് തന്നെ പാളിപ്പോകുമെന്ന അവസ്ഥയുണ്ടായേക്കാം.
ചാംപ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കേണ്ടത്. അവസാന ദിവസം കഴിഞ്ഞിട്ടും അതിനുള്ള നീക്കങ്ങളൊന്നും നിലവില്‍ ഇന്ത്യന്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. തിയതി നീട്ടാനുള്ള അപേക്ഷ ഇന്ത്യന്‍ അധികൃതര്‍ നല്‍കിയതായി ഔദ്യോഗിക റിപ്പോര്‍ട്ടുകളും വന്നിട്ടില്ല. റവന്യൂ അടക്കമുള്ള വിഷയത്തില്‍ ബി.സി.സി.ഐയ്ക്ക് അനുകൂല നിലപാട് ഐ.സി.സി എടുത്താല്‍ മാത്രമേ നിലവിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകുകയുള്ളു. നാളെ ഐ.സി.സി യോഗം നടക്കാനിരിക്കേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."