സോഷ്യല്‍ മീഡിയയിലെ പ്രചാരണം: തന്ത്രങ്ങളുടെ മുനയൊടിഞ്ഞ് ബി.ജെ.പി
കൊച്ചി: 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നേട്ടം കൊയ്ത ബി.ജെ.പിയ്ക്ക് ഇത്തവണ പഴയതു പോലെയുള്ള സ്വീകാര്യത ലഭിക്കുന്നില്ല. മോദി തരംഗത്തിന് കാരണമായ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയെ പൂര്‍ണമായും നിയന്ത്രണത്തിലാക്കിയ ബി.ജെ.പിക്ക് ഇത്തവണ അത്ര ശുഭകരമല്ല കാര്യങ്ങള്‍. വര്‍ഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ഉയര്‍ത്തിയുള്ള പ്രചാരണങ്ങളെ പൊളിച്ചടുക്കാന്‍ ഇത്തവണ സോഷ്യല്‍ മീഡിയയില്‍നിന്നുതന്നെ ഉയരുന്ന ശക്തമായ ബദല്‍ പ്രതിരോധങ്ങളാണ് ബി.ജെ.പിയെ അടിതെറ്റിക്കുന്നത്.
എതിര്‍ രാഷ്ട്രീയ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍വസജ്ജരായ രാജ്യവ്യാപക സോഷ്യല്‍ മീഡിയാ സന്ദേശ പ്രചാരണ സംവിധാനവും ശക്തമായ വാട്‌സ് ആപ്പ് നെറ്റ്‌വര്‍ക്കുമടങ്ങുന്നതാണ് ബി.ജെ.പിയുടെ സൈബര്‍ സംവിധാനം. ഇതുപയോഗിച്ചാണ് ബി.ജെ.പി പലപ്പോഴും എതിരാളികള്‍ക്കെതിരേ കുപ്രചരണങ്ങള്‍ നടത്തിയിരുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളുമായിരുന്നു. ഉരുളയ്ക്ക്ുപ്പേരി മറുപടിയുമായി രാഹുല്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരമായി മാറിയതോടെ ബി.ജെ.പി അഴിച്ചുവിടുന്ന പഴയട്രോളുകളൊന്നും ഫലിക്കുന്നില്ല.
എന്നാല്‍ ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പിയും മോദിയും വിയര്‍ക്കുന്ന കാഴ്ചയാണുള്ളത്. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിനെതിരേ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന രീതിയില്‍ ട്വിറ്ററിലും ഫെയ്‌സ് ബുക്കിലും ചൗക്കിദാര്‍ മോദിയെന്ന് പേര് മാറ്റി മോദി രംഗത്ത് വരികയും അമിത്ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇതിന് പിന്തുണയുമായെത്തി പേരുമാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് അണികളില്‍ സ്വാധീനം ചെലുത്തിയില്ലെന്ന് മാത്രമല്ല, ബി.ജെ.പിക്ക് സെല്‍ഫ് ട്രോളായി മാറുകയും ചെയ്തു. മോദിയുടെ കാലത്ത് വിവിധ തട്ടിപ്പ് കേസുകളില്‍ രാജ്യം വിട്ടവരുടെ പേരിനോട് ചേര്‍ത്ത് ചൗക്കിദാര്‍ പ്രചാരണം ശക്തിപ്പെട്ടത് ബി.ജെ.പിക്ക് തിരിച്ചടിയാവുകയാണ്.
നോട്ട് നിരോധനം മുതല്‍ പുല്‍വാമ ഭീകരാക്രമണം വരെയുള്ള കാര്യങ്ങള്‍ സജീവമായി ചര്‍ച്ചയാവുകയാണ്. ആള്‍ക്കൂട്ട ആക്രമണം, കൊലപാതകങ്ങള്‍, ജി.എസ്.ടി,ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ എന്നിവയെല്ലാം എടുത്തിട്ടാണ് ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ ആധിപത്യത്തെ പ്രതിപക്ഷം നേരിടുന്നത്. ഏറ്റവുമൊടുവില്‍ ബി.ജെ.പി സങ്കല്‍പ്പ് എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയും നിരവധി ട്രോളുകള്‍ക്കാണ് വിധേയമാകുന്നത്.
കൂടാതെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് വോട്ട് നേടാമെന്ന ബി.ജെ.പി തന്ത്രത്തിനും മങ്ങലേല്‍ക്കുന്ന കാഴ്ചയാണുള്ളത്. വ്യാജ വാര്‍ത്താ പ്രചരിക്കുന്നത് തടയാന്‍ സോഷ്യല്‍ മീഡിയയില്‍ മാര്‍ഗങ്ങളില്ലെന്നതാണ് ബി.ജെ.പിക്ക് നേരത്തെ ഗുണകരമായിരുന്നത്.
എന്നാല്‍ വ്യാജ വാര്‍ത്തകളെ വെളിച്ചത്തു കൊണ്ടുവരാനും വസ്തുകളെ തുറന്നു കാട്ടുകയും ചെയ്യുന്ന ഫാക്ട് ചെക്കിങ് പ്ലാറ്റ് ഫോമുകള്‍ വികസിച്ചതോടെ വ്യാജവാര്‍ത്തകളും പഴയ പോലെ ഫലപ്രദമാകുന്നില്ല. ഇത്തരം വ്യാജ വാര്‍ത്തകളെ പൊളിക്കുന്ന നിരവധി സൈറ്റുകളും വലിയ സ്വീകാര്യത നേടിക്കഴിഞ്ഞിട്ടുണ്ട്. ഇവയിലേറെയും ബി.ജെ.പി സൈബര്‍ വിഭാഗം പടച്ചു വിടുന്ന വ്യാജവാര്‍ത്തകളെയാണ് ശക്തമായി നേരിടുന്നത്. വ്യാജ വാര്‍ത്തകളും അവകാശവാദങ്ങളും ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ളവയില്‍ തുറന്നു കാണിക്കപ്പെടുകയും ട്രോളുകള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്യാന്‍ തുടങ്ങിയതോടെ പലരും പിന്‍വലിഞ്ഞ് തുടങ്ങിയിട്ടുണ്ട്.
ബി.ജെ.പി കഴിഞ്ഞ തവണ ഉപയോഗപ്പെടുത്തിയ ഓണ്‍ലൈന്‍ ട്രോളര്‍മാരുടെ ഒരു സംഘം ഇപ്പോള്‍ മറുകണ്ടം ചാടിക്കഴിഞ്ഞു.സോഷ്യല്‍ മീഡിയയെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെടുത്ത് നേട്ടം കൊയ്ത ബി.ജെ.പി ഇപ്പോള്‍ പ്രിയപ്പെട്ട തട്ടകത്തില്‍ നിന്നു തന്നെ തിരിച്ചടിയെ ഭയക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."