ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം കുറയുന്നു
മസ്‌കറ്റ്: കോവിഡ് പ്രതിസന്ധിയുടെ ഫലമായി ഒമാനില്‍ നിന്നും സ്വദേശത്തേക്കു മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നു. ഇതുവരെ മിക്ക വിമാനങ്ങളും സീറ്റ് ഫുള്‍ ആയിട്ടാണ് യാത്രയായിട്ടുള്ളതെങ്കിലും വരും ആഴ്ചകളില്‍ യാത്രക്കാര്‍ കുറയാനാണ് സാദ്ധ്യത. അടിയന്തിര യാത്രാ ആവശ്യങ്ങളുള്ള ഭൂരിഭാഗം ഇന്ത്യന്‍ പൗരന്മാരും ഇതിനകം നാടണഞ്ഞതിനാല്‍ ഭാവിയില്‍ യാത്രക്കാരുടെ എണ്ണം കുറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, എംബസിയിലെ സെക്കന്റ് പൊളിറ്റിക്കല്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി സെക്രട്ടറി അനുജ് സ്വരൂപ് പറഞ്ഞു.
ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം വന്ദേ ഭാരത് മിഷന്‍ 81 സര്‍വ്വീസുകള്‍ നടത്തി. ഇതിലൂടെ 14,200 പേര്‍ നാടണഞ്ഞു. ഇതിനുപുറമെ, കോര്‍പ്പറേറ്റ് കമ്പനികളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും 149 വിമാനങ്ങള്‍ ഇന്ത്യയിലേക്ക് ചാര്‍ട്ടര്‍ ചെയ്തു. ഇതിലൂടെ 27,000 പേര്‍ നാടണഞ്ഞു. ഇതില്‍ ഭൂരിഭാഗം പേരും മലയാളികള്‍ ആണ്. 230 വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പറക്കാന്‍ അനുമതി ലഭിച്ചതിനാല്‍ 41200 പേര്‍ക്ക് നാട്ടില്‍ എത്താന്‍ കഴിഞ്ഞു.
കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും, നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രവാസികളോടുള്ള സമീപനവും, നാട്ടില്‍ പോയാല്‍ തിരിച്ച് വരാന്‍ കഴിയുമോ എന്നതിലുള്ള അനിശ്ചിതത്വവും, 28 ദിവസത്തെ ക്വാറന്റീനും പലരെയും യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ഗര്‍ഭിണികള്‍, വിസിറ്റ് വിസക്കാര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, വൃദ്ധര്‍ തുടങ്ങി ഏറെ പ്രയാസമനുഭവിക്കുന്നവരെല്ലാം നാട്ടിലെത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ കെഎംസിസിയും ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."