സുബ്രതാ പാല്‍ മരുന്നടിക്ക് പിടിയില്‍; ഇന്ത്യന്‍ ഫുട്‌ബോളിന് നാണക്കേട്
ന്യൂഡല്‍ഹി: സമീപ കാലത്ത് മികച്ച പ്രകടനങ്ങള്‍ നടത്തി റാങ്കിങില്‍ മുന്നേറ്റമടക്കം പ്രതീക്ഷ നല്‍കിയ ഇന്ത്യന്‍ ഫുട്‌ബോളിന് നാണക്കേടായി ഉത്തേജക മരുന്നടി. ഇന്ത്യന്‍ ഗോള്‍ കീപ്പറും മുന്‍ നായകനുമായ സുബ്രതാ പാല്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. മാര്‍ച്ച് 18ന് മുംബൈയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപില്‍ വച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നടത്തിയ പരിശോധനയിലാണ് അര്‍ജുന അവാര്‍ഡ് ജേതാവായ പാല്‍ നിരോധിച്ച ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെണ്ടത്തിയത്. മ്യാന്‍മറിനെതിരായ എ.എഫ്.സി ഏഷ്യന്‍ കപ്പും കംപോഡിയക്കെതിരായ സൗഹൃദ മത്സരവും കളിക്കാന്‍ പുറപ്പെടുന്നതിന് മുന്‍പാണ് നാഡ സാംപിളുകള്‍ പരിശോധിച്ചത്. നിരപരാധിത്വം തെളിയിക്കാന്‍ പാലിന് ഇനി ബി സാമ്പിള്‍ പരിശോധനയ്ക്ക് അപേക്ഷ നല്‍കുകയോ അപ്പീല്‍ നല്‍കുകയോ ചെയ്യാം. ഇതിലും പരാജയപ്പെട്ടാല്‍ നാല് വര്‍ഷത്തെ വിലക്കടക്കം കടുത്ത നടപടികള്‍ താരം നേരിടേണ്ടി വരും. നിലവില്‍ അന്വേഷണത്തിന്റെ ഭാഗമായി സുബ്രതാ പാലിനെ സസ്പന്‍ഡ് ചെയ്തിട്ടുണ്ട്.
സുബ്രതാ പാല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട കാര്യം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എ.ഐ.എഫ്.എഫ്) ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. നിരോധിത മരുന്നായ ടെര്‍ബ്യുടാലിന്റെ അംശങ്ങള്‍ സുബ്രതാ പാലിന്റെ സാമ്പിളുകളില്‍ നിന്ന് കണ്ടെത്തിയതായി നാഡ വ്യക്തമാക്കിയതായും ഇക്കാര്യം ചൂണ്ടിക്കാട്ടി എ.ഐ.എഫ്.എഫിന് അധികൃതര്‍ കത്ത് നല്‍കിയതായും കുശാല്‍ ദാസ് പറഞ്ഞു.
ആസ്ത്മ രോഗികള്‍ക്ക് നല്‍കുന്ന മരുന്നാണ് ടെര്‍ബ്യുടാലിന്‍. ഇത്തരം മരുന്നുകള്‍ കായിക താരങ്ങള്‍ ഉപയോഗിക്കേണ്ട അവസ്ഥ ഉണ്ടായാല്‍ തെറാപ്യൂടിക് യൂസ് എക്‌സംപ്ഷന്‍സ് (ടി.യു.ഇ) സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ അനുവാദം നല്‍കാറുള്ളു. കായിക താരങ്ങള്‍ ഒരിക്കല്‍ പോലും ഉപയോഗിക്കാന്‍ പാടില്ലാത്ത മരുന്നുകളുടെ പട്ടികയിലാണ് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) ടെര്‍ബ്യുടാലിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പശ്ചിമ ബംഗാള്‍ സ്വദേശിയായ സുബ്രതാ പാല്‍ ഐ.എസ്.എല്ലില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിന്റേയും ഐ ലീഗില്‍ ഡി.എസ്.കെ ശിവാജിയന്‍സിന്റേയും താരമാണ്. പാല്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട കാര്യം ഡി.എസ്.കെ ശിവാജിയന്‍സ് ടീം അധികൃതരെ അറിയിച്ചിട്ടുണ്ടെണ്ടന്ന് കുശാല്‍ ദാസ് പറഞ്ഞു. താത്കാലിക സസ്പന്‍ഷന്‍ നേരിടുന്നതിനാല്‍ ഈ മാസം 30ന് നടക്കുന്ന മിനെര്‍വ പഞ്ചാബിനെതിരായ ശിവാജിയന്‍സിന്റെ ഐ ലീഗ് പോരാട്ടത്തില്‍ പാല്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. അതിന് മുന്‍പ് നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചാല്‍ നിലവിലെ സസ്പന്‍ഷനടക്കമുള്ള നടപടികളില്‍ നിന്ന് താരത്തിന് ഒഴിവാകാന്‍ സാധിക്കും.
2007ല്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ എത്തിയ പാല്‍ 64 മത്സരങ്ങളില്‍ രാജ്യത്തിനായി ഗോള്‍ വല കാത്തിട്ടുണ്ട്. ഇന്ത്യ സംഭാവന ചെയ്ത പ്രതിഭാശാലിയായ ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായാണ് പാല്‍ വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."