കൂറ്റന്‍ മതിലിടിഞ്ഞു; യാത്രക്കാര്‍ ഭീതിയില്‍
വടകര: പെരുവാട്ടുംതാഴെ പ്രകാശ് കഫെക്ക് പിറകില്‍ കൊപ്രക്കളത്തിനു ചുറ്റുമായി നിര്‍മിച്ച കൂറ്റന്‍ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെ കാല്‍നടയാത്രക്കാര്‍ ഭീതിയിലായി. നീളമേറിയ മതിലിന്റെ ഏഴ് മീറ്ററോളം ഭാഗമാണ് ഇടിഞ്ഞ് വീട്ടുപറമ്പിലേക്ക് പതിച്ചിരിക്കുന്നത്.
സമീപത്തുള്ള ഊരുവന്റവിട ജലജയുടെ വീട്ടുകിണറിനടത്തുവരെ മതിലിടിഞ്ഞിട്ടുണ്ട്. ആറുമീറ്ററോളം ഉയരത്തിലുള്ള ചെങ്കല്‍ മതിലാണ് തുടര്‍ച്ചയായി പെയ്ത മഴയില്‍ ബുധനാഴ്ച രാത്രി നിലംപൊത്തിയത്. ബാക്കി ഭാഗം ഏത് നിമിഷവും വീഴുമെന്ന നിലയിലാണ്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇത്തരം മതിലുകളാണ് ഈ പരിസരത്ത് ഏറേയും. ഇരുഭാഗത്തേയും കൂറ്റന്‍ മതിലുകള്‍ക്കിടയിലെ ഇടുങ്ങിയ വഴിയിലൂടെയാണ് ഊരുവന്റവിടഭാഗത്തെ അന്‍പതോളം വീട്ടുകാര്‍ നടന്നുപോകുന്നത്. അപകടഭീഷണിയിലായ മതിലുകള്‍ പൊളിച്ചുനീക്കി സുരക്ഷിതത്വം ഒരുക്കണമെന്ന് നാട്ടുകാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. ഇതിനിടയിലാണ് ഇടവഴിക്ക് തൊട്ടടുത്ത മതില്‍ നിലംപൊത്തിയത്. മഴ കനത്തു പെയ്യുകയാണെങ്കില്‍ മറ്റു മതിലുകളും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
ഇക്കാര്യത്തില്‍ പഞ്ചായത്തും റവന്യു അധികൃതരും ഫലപ്രദമായി ഇടപെടണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വടകര പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."